നാഗ്പുര്‍: വിവാദം പുകയുന്നതിനിടെ ആര്‍.എസ്.എസ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ മുന്‍ രാഷ്ട്രപത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി നാഗ്പുരിലെത്തി. വൈകുന്നേരം അഞ്ച് മണിയോടെ നാഗ്പുര്‍ എയര്‍പോര്‍ട്ടിലെത്തിയ പ്രണബ് മുഖര്‍ജിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു.
നാളെയാണ് ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ് എന്ന പരിപാടി ആര്‍.എസ്.എസ് ആസ്ഥാനത്ത് നടക്കുന്നത്. പരിപാടി കഴിഞ്ഞ് ജൂണ്‍ എട്ടിന് പ്രണബ് തിരിച്ച് പോവും. നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് എല്ലാ വര്‍ഷവും നടക്കുന്ന ചടങ്ങാണ് ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ്. സംഘടനയിലെ രണ്ടു വര്‍ഷത്തെ പരിശീലന ക്യാമ്പ് പൂര്‍ത്തിയാക്കിയ വളണ്ടിയര്‍മാര്‍ക്കാണ് ക്യാമ്പിലേക്ക് പ്രവേശനം. 800 ഓളം പേരെയാണ് പ്രണബ് മുഖര്‍ജി അഭിസംബോധന ചെയ്യുക.
കോണ്‍ഗ്രസില്‍ നെഹ്‌റു കുടുംബവുമായി ഏറെ അടുപ്പമുള്ള നേതാവ് കൂടിയായ പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നുവെന്ന വാര്‍ത്ത വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. എന്നാല്‍ എല്ലാ വിവാദങ്ങള്‍ക്കുമുള്ള മറുപടി നാഗ്പുരില്‍ പറയുമെന്നായിരുന്നു പ്രണബ് മുഖര്‍ജി ഇതിനോട് പ്രതികരിച്ചത്. അതിനാല്‍ തന്നെ രാഷ്ട്രീയലോകം പ്രണബിന്റെ വാക്കുകള്‍ക്കായി ആകാംക്ഷയോടെകാത്തിരിക്കുകയാണ്.