കോഴിക്കോട്: മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ തുറന്നുപറഞ്ഞ നടി പാര്‍വതിക്ക് നേരെ സോഷ്യല്‍മീഡിയയില്‍ കടുത്ത അധിക്ഷേപവും ആക്രമണവുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ നടന്‍ പ്രതാപ് പോത്തന്‍ നടത്തിയ പുതിയ പ്രസ്താവനയാണ് ചര്‍ച്ചയാവുന്നത്. സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍ പിടിച്ചാല്‍ സ്ത്രീവിരുദ്ധത. അപ്പോള്‍ നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആവില്ലേ ? എന്ന് പ്രതാപ് പോത്തന്‍ ചോദിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അല്ലെങ്കിലും സിനിമയിലെ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടന ഇല്ലല്ലോ എന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നുണ്ട്. കസബ വിവാദത്തെ തുടര്‍ന്ന് പാര്‍വ്വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയ്‌ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണം ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിലെ ഗാനത്തില്‍ പൃഥ്വിരാജിന്റെ പിന്‍ ഭാഗത്ത് പാര്‍വ്വതി അടിക്കുന്ന രംഗമുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ പാര്‍വതിയ്‌ക്കെതിരേയും ചിത്രത്തിന് എതിരേയും സൈബര്‍ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്. ഈ സംഭവത്തെ കുറിച്ചാണ് പ്രതാപ് പോത്തന്റെ പോസ്റ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഇംഗ്ലീഷില്‍ പോസ്റ്റുകളിടുന്ന പതിവ് ശീലത്തിന് വിപരീതമായി മലയാളത്തിലാണ് പ്രതാപ് പോത്തന്റെ ഈ കുറിപ്പ്. ഇതിന് കാരണമെന്താണെന്ന് ഒരു ആരാധകന്റെ ചോദ്യത്തിന് തന്റെ ഇംഗ്ലീഷ് ആളുകള്‍ക്ക് മനസിലാകില്ലെന്നും അതിനാലാണ് മലയാളത്തില്‍ പോസ്‌റ്റെന്നും പ്രതാപ് പോത്തന്‍ മറുപടി നല്‍കിയിട്ടുണ്ട്.