കൊച്ചി :നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോ ചില്ലറക്കാരനല്ല. ദിലീപും ഈ പേരുകേട്ട ക്രിമിനല്‍ അഭിഭാഷകനും കൂടി കളിച്ചത് പോലീസുകാരേയും ഭരണകൂടത്തേയും തോല്‍പ്പിക്കാനായിരുന്നു. പ്രതീഷ് ചാക്കോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതിയും വിധിച്ചിരിക്കുകയാണ്. കുറ്റവാളിയല്ലെങ്കില്‍ എന്തിന് പേടിക്കണമെന്നും കോടതി ചോദിച്ചിരുന്നു. ഇതിനിടയിലാണ് യുവ നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ വീഡിയോ ദിലീപിന്റെ പക്കലാണെന്നും അത് ദിലീപിന് കൈമാറിയത് പ്രതീഷ് ചാക്കോയാണെന്നുമുള്ള സൂചന നല്‍കുന്ന പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
കൊച്ചിയിലെ പേരുകേട്ട ക്രിമിനല്‍ അഭിഭാഷകനാണ് പ്രതീഷ് ചാക്കോ. സിനിമാക്കാരുടെ കേസുകള്‍ വാദിച്ച് ജയിച്ച് പേരെടുത്ത വക്കീല്‍. 3 ലക്ഷമാണ് മിനിമം പ്രതിഫലം. സുനില്‍ കുമാറിനെ പോലീസില്‍ പിടികൊടുക്കാതെ കോടതിയില്‍ ഹാജരാക്കാന്‍ ശ്രമിച്ചത് ഈ വക്കീലാണെന്ന് അന്നേ പോലീസ് സംശയിച്ചിരുന്നു. ദിലീപിനെ ചോദ്യം ചെയ്തതോടെയാണ് പ്രതീഷ് ചാക്കോയെ അന്വേഷണ സംഘം സംശയിച്ചത്. 3 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന വക്കീലിനെ വയ്ക്കാനുള്ള സാമ്പത്തികമൊന്നും പള്‍സര്‍ സുനിക്കില്ലെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് പള്‍സര്‍ സുനിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ വക്കീലിനെ ദിലീപാണ് അറേഞ്ച് ചെയ്തതെന്ന് പുറത്താകുന്നത്. പള്‍സര്‍ സുനിക്ക് നല്‍കാനുണ്ടായിരുന്ന ക്വട്ടേഷന്‍ തുക ദിലീപ് കൈമാറാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. അല്ലെങ്കില്‍ ഈയൊരു കേസ് പുറംലോകം അറിയില്ലെന്നും വിലയിരുത്തുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കൃത്യത്തില്‍ ദീലീപിന്റേയും പ്രതീഷ് ചാക്കോയുടേയും പങ്ക് വ്യക്തമാക്കുന്ന സുപ്രധാന വിവരങ്ങളുളളത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും ദീലീപിന്റെ കൈവശമുണ്ടെന്നാണ് സംശയിക്കുന്നത്.
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് ദിലീപാണ്. കൃത്യത്തിന് മറ്റുളളവരെ തെരഞ്ഞെടുത്തത് ഒന്നാം പ്രതി സുനില്‍കുമാറാണ്. എന്നാല്‍ വാഹനത്തിനുളളില്‍വെച്ച് ചിത്രീകരിച്ച നടിയുടെ ദൃശ്യങ്ങള്‍ സുനില്‍കുമാര്‍ ദീലീപിന് കൈമാറിയിരുന്നെന്ന സുപ്രധാന വിവരമാണ് റിപ്പോര്‍ട്ടിലുളളത്. ഇതിന് പ്രതിഫലം നല്‍കാമെന്ന് ദിലീപ് വാഗ്ദാനം ചെയ്തിരുന്നു.എന്നാല്‍ ഈ തുക കിട്ടാതെ വന്നതോടെയാണ് സുനില്‍കുമാര്‍ സഹതടവുകാരുമായി ചേര്‍ന്ന് ദിലീപിനെ ഭീഷണിപ്പെടുത്തിയത്. ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ മുഖ്യപ്രതി സുനില്‍കുമാര്‍ അഭിഭാഷകനായ പ്രദീഷ് ചാക്കോയെ ആണ് ഏല്‍പിച്ചത്. പ്രദീഷ് ചാക്കോ ഈ ഫോണ്‍ ദീലീപിന് കൈമാറിയെന്നാണ് സംശയിക്കുന്നത്. ഇതില്‍ വ്യക്തത വരുത്താന്‍ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ദിലീപുമായി അടുപ്പമുളള പല പ്രമുഖരേയും ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. കേസന്വഷണം പുരോഗമിക്കുന്നതിനായും നിര്‍ണായകവിവരങ്ങള്‍ ഇനിയും കിട്ടേണ്ടതിനാലും ദീലീപിന് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.