മംഗളൂരു: സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ സാക്കിർ, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കർണാടകത്തിലെ ഹസൻ സ്വദേശിയാണ് സാക്കിർ. സാക്കിറിനെതിരെ നേരത്തെയും കേസുകളുണ്ട്. സംഭവത്തിൽ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്‍പി പറഞ്ഞു.
ഉച്ചയോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നാണ് ഇവർ പിടിയിലായിട്ടുള്ളത്. കർണാടക പോലീസിന്റെ കണ്ണുവെട്ടിച്ച് കേരളത്തിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് നിഗമനം.
കർണാടക പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതക സംഘത്തിന് വിവരങ്ങൾ കൈമാറിയത് ഇവരാണ്. നിലവിൽ കാസർകോട്, കണ്ണൂർ എന്നീ ജില്ലകൾ കേന്ദ്രീകരിച്ചുള്ള കർണാടക പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
നിലവിൽ 15 എസ്ഡിപിഐ, പോപ്പുലർഫ്രണ്ട് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മലയാളികൾ ഉൾപ്പെട്ട സംഘത്തെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നാലെ പിടിച്ചെടുത്ത ബൈക്ക് കേരള രജിസ്‌ട്രേഷനിൽ ഉള്ളതാണ്. വാഹനം കേന്ദ്രീകരിച്ചും ഊർജ്ജിത അന്വേഷണമാണ് പുരോഗമിക്കുന്നത്. ബൈക്കിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ സാക്കിർ നിരവധി ക്രിമിനൽ കേസുകൾ പ്രതിയാണ്. ഇരുവരെയും ഉടനെ കോടതിയിൽ ഹാജരാക്കും