ഹൈദരാബാദ്: ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി ആദിവാസി യുവതി കാട്ടുപാതയില്‍ പ്രസവിച്ചു. ഗതാഗത സൗകര്യമില്ലാത്ത ഊരില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രിയില്‍ തക്ക സമയത്ത് എത്തിക്കാന്‍ കഴിയാതിരുന്നതിനാലാണ് യുവതിക്ക് വഴിമധ്യേ പ്രസവിക്കേണ്ടി വന്നത്. കൂട്ടത്തിലുള്ള ഒരു യുവാവ് പകര്‍ത്തിയ വീഡിയോയിലാണ് ആശുപത്രിയിലേക്കുള്ള യാത്രയുടെ രംഗങ്ങളുള്ളത്.
പലപ്രാവശ്യം അസൗകര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. മുളകളും കയറും തുണിയുമുപയോഗിച്ചുണ്ടാക്കിയ ഒരു തൊട്ടിലിലിരുത്തിയാണ് മുത്തമ്മയെ കൊണ്ടു പോകുന്നത്. ചെളിയും കല്ലുകളും കുഴികളും നിറഞ്ഞ വനപാതയിലൂടെ സാഹസികമായാണ് ഇവര്‍ ഗര്‍ഭിണിയെ ചുമന്നു പോകുന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആറ് ഏഴ് കിലോമീറ്ററുകള്‍ കഴിയുമ്പോഴേക്കും പ്രസവവേദന അസഹനീയമായതിനെ തുടര്‍ന്ന് യുവതി കൂടെയുള്ള സ്ത്രീകളുടെ സഹായത്തോടെ പ്രസവിക്കാനൊരുങ്ങുന്നത് കാണാം. പിന്നീട് സ്ത്രീകളുടെ സഹായത്തോടെ പ്രസവം നടന്നു.
വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ ഉദ്ദേശം അധികൃതരുടെ കണ്ണുതുറപ്പിക്കലാണെന്ന് പകര്‍ത്തിയ യുവാവ് വ്യക്തമാക്കുന്നു. ഇത് കണ്ടിട്ടെങ്കിലും വിഴിയനഗരത്തെ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഉപകാരപ്രദമായ രീതിയിലുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണിവര്‍.