കൊച്ചി: സൂപ്പര്‍ താരത്തിന്റെ സ്റ്റുഡിയോയിലെ എഡിറ്റിങ് ടേബിളില്‍ നിന്നാണ് പ്രേമത്തിന്റെ ഒറിജിനല്‍ പ്രിന്റുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതെന്നു സൂചന. പ്രേമത്തിന്റെ ഒറിജിനല്‍ പ്രിന്റ് ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡിന്റെ ടേബിളില്‍ നിന്നാണെന്നായിരുന്നു ആദ്യം മുതല്‍ ഉണ്ടായിരുന്ന പ്രചാരണം. എന്നാല്‍, സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കൊച്ചിയിലെ മലയാളത്തിന്റെ സൂപ്പര്‍ താരത്തിന്റെ സ്റ്റുഡിയോയില്‍ നിന്നാണ് പ്രേമത്തിന്റെ ഒറിജിനല്‍ പ്രിന്റുകള്‍ ചോര്‍ന്നെതെന്നു കണ്ടെത്തിയിട്ടുണ്ട്.
പ്രേമം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്‌തത് കാനഡയില്‍ നിന്നാണെന്നു നേരത്തെ തന്നെ സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. ഈ ഐപി വിലാസം മലയാളിയുടെ ലാപ്‌ടോപ്പിന്റെയാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അങ്കമാലിയിലെ സ്വകാര്യ സ്ഥാനപത്തില്‍ നിന്നു വാങ്ങിയ ലാപ്‌ടോപ്പാണെന്നാണ് ഇതിന്റെ ഐപിയും മറ്റു രേഖകളും പരിശോധിച്ച പൊലീസ് സംഘത്തിനു കണ്ടെത്താന്‍ സാധിച്ചത്. എന്നാല്‍, ഇയാള്‍ക്കെതിരെ കേരളത്തിലെ നിയമപ്രകാരം ഇപ്പോള്‍ കേസെടുക്കാനും പൊലീസിനു സാധിക്കില്ല.
കേരളത്തിനുള്ളില്‍ കുറ്റകൃത്യം നടക്കാത്ത സാഹചര്യത്തില്‍ വിദേശയത്തു നടന്ന സംഭവത്തില്‍ കേരള പൊലീസിനു കേസെടുക്കാനാവാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഇതിനെതിരെ എന്ത് നിലപാടെടുക്കും എന്നാണ് നിയമവിദഗ്‌ധര്‍ ആലോചിക്കുന്നത്. എന്നാല്‍, ഇയാളുടെ മെയിലില്‍ ചിത്രത്തിന്റെ ഒറിജിനല്‍ പ്രിന്റ് എത്തിയത് കൊച്ചിയില്‍ നിന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്. മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ സ്റ്റുഡിയോയില്‍ നിന്നാണ് ചിത്രം ചോര്‍ന്നതെന്ന സൂചനകളാണ് ആദ്യം മുതല്‍ തന്നെ ലഭിച്ചിരുന്നത്.
ചിത്രത്തിന്റെ ഒറിജിനല്‍ പ്രിന്റ് പുറത്തെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാതാക്കളുടെ സംഘടനയോ സംവിധായകരുടെ സംഘടനയോ പ്രതിഷേധവുമായി രംഗത്ത് എത്താതിരുന്നത് സൂപ്പര്‍ താരത്തെ ഭയന്നാണെന്നാണ് സൂചനകള്‍. സിനിമയിലെ നായകന്‍ നിവിന്‍ പോളിയെ സൂപ്പര്‍ താരവുമായി താരതമ്യം ചെയ്‌ത് നിരവധി കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചിരുന്നു. ഇതേ സാഹചര്യത്തിലാണ് ഇപ്പോള്‍ പ്രിന്റുകള്‍ ഇതേ നായകന്റെ സ്റ്റുഡിയോയില്‍ നിന്നു പുറത്തായി എന്നത് വിവാദമായിരിക്കുന്നത്.