ന്യുഡൽഹി :ബിജെപി പ്രതീക്ഷക്ക് ഇളക്കം തട്ടുമോ ? രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിന് പ്രതിപക്ഷ പാർട്ടികളിൽ നിന്ന് വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എം.പിമാർക്കും എം.എൽ.എമാർക്കും രാഷ്ട്രീയ പാർട്ടികൾക്ക് വിപ്പ് നൽകാനാവില്ല. ഈ സാഹചര്യം മുതലെടുക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്.
സമാജ്വാദി പാർട്ടി, ബി.എസ്.പി, ആർ.ജെ.ഡി എന്നീ കക്ഷികളിലെ അംഗങ്ങളുടെ വോട്ട് ലഭിക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ പറയുന്നത്. സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് മീരാകുമാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിതാവും പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവ് കോവിന്ദിന് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മുലായം വിഭാഗം കോവിന്ദിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഉറപ്പായി. മായാവതിയുടെ ബി.എസ്.പിയിലെ ചില അംഗങ്ങളും കോവിന്ദിന് വോട്ട് ചെയ്യുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. എസ്.പിക്കും ബി.എസ്.പിക്കുമായി യു.പി നിയമസഭയിൽ 73 എം.എൽ.എമാരാണുള്ളത്. എസ്.പിക്ക് ലോക്സഭയിൽ അഞ്ചും രാജ്യസഭയിൽ 18 അംഗങ്ങളുമുണ്ട്. ബി.എസ്.പിക്ക് രാജ്യസഭയിൽ ആറ് അംഗങ്ങളാണുള്ളത്.
ബിഹാറിൽ നിതീഷ് കുമാറിന്റെ ജെ.ഡി.യു കോവിന്ദിന് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ജെ.ഡി.യുവിനൊപ്പം ബീഹാർ ഭരിക്കുന്ന ആർ.ജെ.ഡി സംയുക്ത പ്രതിപക്ഷത്തിനൊപ്പമാണ്. ഇവിടെ ആർ.ജെ.ഡിയിലെയും കോൺഗ്രസിലെയും ചില അംഗങ്ങൾ കോവിന്ദിന് വോട്ട് ചെയ്യുമെന്ന് പരസ്യ പ്രസ്താവനകളുമായി രംഗത്തുവന്നത് ഭരണപക്ഷത്തിന് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. ജൂലായ് 17നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് . 20ന് വോട്ടെണ്ണൽ നടക്കും.