ന്യൂഡല്‍ഹി: വ്യത്യസ്ത വീക്ഷണങ്ങളിലൂടെ രാജ്യത്തെ മറ്റ് പ്രധാനികള്‍ക്ക് മാതൃകയാകുകയാണ് പ്രസിഡന്റ് രാംനാഥ് കോവിന്ദ്. ലോകം മുവുവന്‍ ചുറ്റിയടിക്കുന്ന നേതാക്കളെപ്പോലെയല്ല പ്രസിഡന്റിന്റെ വിദേശയാത്രകള്‍. ഇത് മനസിലാക്കാന്‍ പ്രസിഡന്റ് രാംനാഥ് സന്ദര്‍ശിച്ച സ്ഥലങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ മതിയാകും.
അധികാരമേറ്റാലുടന്‍ അമേരിക്കയിലും ബ്രിട്ടനിലുംപോയി അവിടുത്തെ നേതാക്കളുമായി ചങ്ങാത്തം സ്ഥാപിക്കാനാണ് പൊതുവെ ലോകനേതാക്കളെല്ലാം ശ്രമിക്കുക. എന്നാല്‍, ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഇവിടെ തീര്‍ത്തും വ്യത്യസ്തനാണ്. തന്റെ മൂന്നാമത്തെ വിദേശ സന്ദര്‍ശനത്തിന് ഏപ്രില്‍ ഏഴിന് പുറപ്പെടുന്ന രാഷ്ട്രപതി പോകുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളായ ഇക്വറ്റോറിയല്‍ ഗിനിയിലേക്കും സ്വാസിലാന്‍ഡിലേക്കുമാണ്.
ജൂലൈ 25-ന് രാഷ്ട്രപതിയായി ചുമതലയേറ്റശേഷം മൂന്നാമത്തെ വിദേശ പര്യടനമാണ് അദ്ദേഹം നടത്തുന്നത്. മൂന്നും ആഫ്രിക്കയിലേക്കായിരുന്നു. ഒക്ടോബറില്‍ ജിബൂട്ടിയിലേക്കും എത്യോപ്യയിലേക്കുമായിരുന്നു ആദ്യ സന്ദര്‍ശനം. മാര്‍ച്ച് 11 മുതല്‍ മൗറീഷ്യസിലേക്കും മഡഗസ്സ്‌കറിലേക്കുമായിരുന്നു രണ്ടാമത്തെ സന്ദര്‍ശനം. ആഫ്രിക്കന്‍ ജനതയോടുള്ള പ്രത്യേക മമതയാണ് അദ്ദേഹം തന്റെ യാത്രകള്‍ക്ക് ഈ രാജ്യങ്ങള്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു.
ആഫ്രിക്കയും അതിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്ര മേഖലയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമാണെന്ന് മനസ്സിലാക്കിയാണ് രാഷ്ട്രപതി ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സഹായമെത്തിക്കാന്‍ മുതിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഫ്രിക്കന്‍ രാജ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും വ്യത്യസ്ത മേഖലകളില്‍ സഹകരിക്കാനും അദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങളും ഉപയോഗിച്ചിരുന്നു.
എംപിയായിരുന്ന കാലയളവില്‍ രാംനാഥ് കോവിന്ദ് ഒമ്പത് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അതിലൊന്നും ആഫ്രിക്കന്‍ രാജ്യങ്ങളുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. തായ്ലന്‍ഡ്, നേപ്പാള്‍, പാക്കിസ്ഥാന്‍, സിംഗപ്പുര്‍, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. എന്നാല്‍, പ്രസിഡന്റായശേഷം തന്റെ സന്ദര്‍ശനങ്ങള്‍ക്ക് ആഫിക്കയിലെ പിന്നോക്ക രാജ്യങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്തു.
ഏദന്‍ കടലിടുക്കിലുള്ള ജിബൂട്ടി സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളിലൊന്നാണ് ജിബൂട്ടി. 2016-17 സാമ്പത്തിക വര്‍ഷം ജിബൂട്ടിയുമായി 28.4 കോടി ഡോളറിന്റെ ഇടപാടുകളാണ് ഇന്ത്യ നടത്തിയത്. അമേരിക്കയുടെയും ജപ്പാന്റെയും ഫ്രാന്‍സിന്റെയും നാവികസേനകള്‍ക്ക് താവളമൊരുക്കുന്ന ഡിബൂട്ടി ഇന്ത്യക്കും ഏറെ ്ര്രതന്ത പ്രധാനമായ രാജ്യമാണ്.
യെമനില്‍ യുദ്ധത്തിനിടെ പെട്ടുപോയ ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒട്ടേറെ സഹായങ്ങള്‍ നല്‍കിയതും ജിബൂട്ടിയാണ്. ഇതിനോടുള്ള നന്ദി പ്രകാശിപ്പിക്കുന്നതിനുവേണ്ടിക്കൂടിയാണ് രാഷ്ട്രപതി അവിടം സന്ദര്‍ശിച്ചത്. ആയിരക്കണക്കിന് ഇ്ന്ത്യക്കാരെയാണ് യെമനില്‍നിന്ന് ജിബൂട്ടിവഴി ഇന്ത്യയിലേക്ക് രക്ഷപ്പെടുത്തിയത്.
എത്യോപ്യയില്‍ 45 വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ രാഷ്ട്രപതി സന്ദര്‍ശനം നടത്തുന്നത്. 1972-ല്‍ വി.വി. ഗിരി പോയശേഷം എത്യോപ്യയിലേക്ക് ഇന്ത്യയുടെ രാഷ്ട്രപതിമാരാരും സന്ദര്‍ശനം നടത്തിയിട്ടില്ല. 100 കോടി ഡോളറിന്റെ വ്യാപാരബന്ധമാണ് 2016-17 കാലയളവില്‍ ഇന്ത്യയും എത്യോപ്യയുമായി നടത്തിയത്. ഒട്ടേറെ ഇന്ത്യക്കാര്‍ വിവിധ മേഖലകളില്‍ ഇവിടെ ജോലി ചെയ്യുന്നുമുണ്ട്. ആഫ്രിക്കയില്‍ അതിവേഗം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന രാജ്യങ്ങളിലൊന്നുകൂടിയാണ് എത്യോപ്യ.