കാന്‍സര്‍ സെന്ററുകളല്ല, കാന്‍സര്‍ ഇല്ലാതാക്കുന്ന കേന്ദ്രങ്ങളാണ് ആവശ്യം: മഞ്ജു വാര്യര്‍

കൊച്ചി: കാന്‍സര്‍ സെന്ററുകളല്ല, കാന്‍സര്‍ ഇല്ലാതാക്കുന്ന സെന്ററുകളാണു വേണ്ടതെന്നു നടി മഞ്ജു വാര്യര്‍. ജസ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയുള്ള കാന്‍സര്‍ ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇടപ്പള്ളി അല്‍ അമീന്‍ സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മഞ്ജു വാര്യര്‍. വിദ്യാര്‍ഥി സമൂഹം കാന്‍സറിനെതിരെ പോരാടുക എന്നെഴുതിയ പ്ലക്കാര്‍ഡ് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബോധവത്കരണ പരിപാടികള്‍ വഴി വിദ്യാര്‍ഥി സമൂഹത്തിനു കാന്‍സറിനെതിരെ പോരാടാനും, അതുവഴി സംസ്ഥാനത്തു നിന്നും രാജ്യത്തുനിന്നും കാന്‍സറിനെ തുടച്ചുനീക്കാനുമാകണമെന്നു മഞ്ജു വാര്യര്‍ പറഞ്ഞു. മഹാവ്യാധിയില്‍ നിന്നു മനുഷ്യനെ രക്ഷിക്കാനുള്ള യജ്ഞത്തില്‍ വിദ്യാര്‍ഥികളും പങ്കുചേരണമെന്ന് ചടങ്ങില്‍ പ്രസംഗിച്ച എം.കെ. സാനു പറഞ്ഞു.അര്‍ബുദരോഗ ചികിത്സാവിദഗ്ധ ഡോ. ചിത്രതാര കാന്‍സര്‍രോഗ ബോധവത്കരണ ക്ലാസിനു നേതൃത്വം നല്‍കി.

 

Top