സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ഒരു ആപ്ലിക്കേഷനാണ് പ്രിസ്മ. എന്നാല്‍, പ്രിസ്മ ഒരുപാട് മുന്‍പ് തന്നെ റഷ്യയില്‍ ജന്മമെടുത്തതാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ ഫോട്ടോ പെയിന്റിങ്ങാകുന്ന ഈ വിദ്യയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? ലോകമെങ്ങും പ്രിയങ്കരമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യയായ പ്രിസ്മയെക്കുറിച്ച് അറിയാം..
ഇപ്പോള്‍ സൈബര്‍ ലോകം ഏറെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണു പ്രിസ്മ. ഫേസ്ബുക്കില്‍ ചിലരുടെ മുഖചിത്രങ്ങള്‍ക്ക് ആകര്‍ഷകമായ രൂപമാറ്റം സംഭവിച്ചതോടെയാണു പ്രിസ്മ ചര്‍ച്ചാവിഷയമായത്. തുടര്‍ന്നു പലരും അന്വേഷണം തുടങ്ങി. എന്താണ് പ്രിസ്മ. എന്താണിതിനു പിന്നിലെ രഹസ്യം. പ്രിസ്മയ്ക്കു പിന്നില്‍ എന്താണെന്ന് അതിന്റെ ഉപജ്ഞാതാക്കാള്‍ തന്നെ വെളിപ്പെടുത്തി.
അലക്‌സി മോയ്‌സീന്‍കോവ് എന്ന ഇരുപത്തഞ്ചുകാരന്‍ നടത്തുന്ന സ്റ്റാര്‍ട് അപ്പിന്റെ സംഭാവനയാണ് പ്രിസ്മയെന്ന ആപ്ലിക്കേഷന്‍. അലക്‌സിയും നാല് സുഹൃത്തുക്കളും ചേര്‍ന്ന് റഷ്യയില്‍ നടത്തുന്ന സ്റ്റാര്‍ട്ട് അപ് സംരംഭമാണ് പ്രിസ്മ വികസിപ്പിച്ചെടുത്തത്. സാധാരണ മറ്റു ഫോട്ടോ ഫില്‍റ്ററിങ് ആപ്ലിക്കേഷനുകള്‍ എഫക്ടുകള്‍ നല്‍കുമ്‌ബോള്‍ പ്രിസ്മ ചെയ്യുന്നത് ഓരോചിത്രവും പുതുതായി വരയ്ക്കുകയാണ്.
ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പുതിയ ശാസ്ത്രശാഖയുടെയും ന്യൂറര്‍ നെറ്റ് വര്‍ക്കിന്റെ സാധ്യതകളുമുപയോഗിച്ചാണ് പ്രിസ്മയില്‍ ചിത്രങ്ങള്‍ വിരിയുന്നത്. ചിത്രകലാ സങ്കേതങ്ങളെ ഓര്‍മിപ്പിക്കുന്ന ഇംപ്രഷന്‍, ഗോത്തിക്, മൊസൈക്ക് തുടങ്ങിയ 33 ഫില്‍റ്ററുകളാണ് പ്രിസ്മയിലുള്ളത്. ഇതില്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം.
നിലവില്‍ ആപ്പിള്‍ ഐ ഫോണില്‍ മാത്രമാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. ആപ്പിള്‍ ഐ ഫോണ്‍ ഉള്ളവര്‍ക്ക് ഇപ്പോള്‍ വലിയ ഡിമാന്‍ഡാണ്. കാരണം ആപ്പിള്‍ ഐ ഫോണില്‍ മാത്രമാണ് പ്രിസ്മയുള്ളത് എന്നതു തന്നെ. പ്രിസ്മ അവതരിപ്പിച്ചതിനു ശേഷം ലോകത്താകെ ലക്ഷക്കണക്കിനു പേരാണ് പിക്കാസോ പെയിന്റിങ് മാതൃകയിലേക്കു ചിത്രങ്ങള്‍ മാറ്റുന്ന പ്രിസ്മ ഉപയോഗിച്ചിരിക്കുന്നത്. ഐഒഎസില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പ്രിസ്മ ഇതിനോടകം പത്തുലക്ഷത്തില്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞതായാണ് ആപ്പിളിന്റെ കണക്ക്.
ആന്‍ഡ്രോയ്ഡ് വെര്‍ഷനും വീഡിയോ പതിപ്പും ഉടന്‍
ആന്‍ഡ്രോയ്ഡ് വേര്‍ഷനിലും പ്രിസ്മ ആപ്ലിക്കേഷന്‍ ദിവസങ്ങള്‍ക്കുള്ളില്‍ വരുമെന്നാണു റിപ്പോര്‍ട്ട്. പ്രിസ്മ മാതൃകയില്‍ വീഡിയോകള്‍ മാറ്റാനുള്ള സംവിധാനവും ഉടന്‍ നിലവില്‍ വരുമെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പ്രിസ്മ മനുഷ്യപ്രയത്‌നങ്ങള്‍ക്കു ഭീഷണിയോ?
ആശങ്കയോടെയാണ് ഒരുവിഭാഗം പ്രിസ്മയെ കാണുന്നത്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് വളര്‍ന്നാല്‍ മനുഷ്യന്റെ പ്രസക്തി നഷ്ടപ്പെടുമെന്നും മനുഷ്യനെ നിയന്ത്രിക്കുന്ന യന്ത്രസംവിധാനങ്ങള്‍ വരുമെന്നും പ്രവചിക്കപ്പെടുന്ന കാലത്തിന്റ സൂചനകളാണ് പ്രിസ്മയെന്നാണു വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രിസ്മ ചിത്രകാരന്മാരുടെ പണി കളയുമെന്നും തുടര്‍ന്നു വരുന്ന സംവിധാനങ്ങള്‍ മനുഷ്യരെ തന്നെ അപ്രസക്തരാക്കുമെന്നുമാണ് വിമര്‍ശനം.
എന്തായാലും പ്രിസ്മ വിസ്മയമായി തുടരുകയാണ്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളല്ലൊം ‘പ്രിസ്മ’ പടങ്ങള്‍ കൊണ്ട് നിറയുകയാണിപ്പോള്‍. സാധാരണ ഫോട്ടോകള്‍ ഒരു മാന്ത്രികവടികൊണ്ടെന്ന വണ്ണം പെയിന്റിങ്ങുകളാക്കി മാറ്റുന്ന ഈ സാങ്കേതിക വിദ്യയെ സൈബര്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു.