തടവുകാരന്‍ കവിതയെഴുതി; വധശിക്ഷ ജീവപര്യന്തമായി

തൂക്കുകയര്‍ വിധിക്കപ്പെട്ട കുറ്റവാളി തടവറയിലിരുന്ന് എഴുതിയ കവിതകള്‍ അയാളുടെ ജീവന്‍ രക്ഷിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട ജ്ഞാനേശ്വര്‍ ബോര്‍ക്കര്‍ എഴുതിയ കവിതകള്‍ അയാളുടെ പശ്ചാത്താപം പ്രതിഫലിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി സുപ്രീംകോടതിയാണ് ശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്. കുറ്റംചെയ്യുമ്പോള്‍ 22 വയസ്സു മാത്രമുള്ള പ്രതിയായിരുന്നു. 18 വര്‍ഷത്തെ തടവുജീവിതംകൊണ്ട് സാമൂഹികജീവിയായി മാറിയെന്നും നാഗരികനായെന്നും മനസ്സിലാക്കുന്നതായി കോടതി വിലയിരുത്തി. ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വധശിക്ഷ ജീവപര്യന്തമാക്കി ഉത്തരവിട്ടത്.ചെറുപ്രായത്തില്‍ ചെയ്തുപോയ തെറ്റിലുള്ള പശ്ചാത്താപം പ്രതിയുടെ കവിതകളിലുണ്ടെന്നും ജസ്റ്റിസുമാരായ എസ്. അബ്ദുല്‍ നസീര്‍, എം.ആര്‍. ഷാ എന്നിവരുമടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

Top