അലംകൃത എന്റേതാണെന്ന് പൃഥ്വി; ഓ പിന്നേ എന്ന് സുപ്രിയ; മകള്‍ക്ക് വേണ്ടി അടിപിടി കൂടിയ ഇരുവരെയും സോഷ്യല്‍മീഡിയ ഏറ്റെടുത്തു

പൃഥ്വിരാജിന്റേയും സുപ്രിയയുടേയും പൊന്നുമകള്‍ അലംകൃതയുടെ ഒരു ഫോട്ടോയെ ചൊല്ലിയാണ് അച്ഛനുമമ്മയും സമൂഹമാധ്യമത്തിലൂടെ വഴക്കടിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ മകളുടെ ഒരു ഫോട്ടോ പൃഥ്വി പങ്കുവച്ചിരുന്നു. അതിനുതാഴെ ആരാധകരുടെ സ്‌നേഹം അധികമായി തുടങ്ങിയപ്പോഴാണ് മകള്‍ക്കുവേണ്ടിയുള്ള സ്‌നേഹത്തോടെയുള്ള പിടിവലി തുടങ്ങിയത്. മൈ ബേബി (എന്റെ വാവ) എന്നു കമന്റിട്ടുകൊണ്ട് സുപ്രിയയാണ് ആദ്യമെത്തിയത്. എന്നാല്‍ തൊട്ടുപിന്നാലെയെത്തി പൃഥ്വിയുടെ കുശുമ്പ് കലര്‍ന്ന കമന്റ് ‘എന്റേത്’ എന്നാണ് പൃഥ്വിയുടെ കമന്റ്. ‘ഓ പിന്നേ’ എന്നാണ് സുപ്രിയ അതിന് മറുപടി നല്‍കിയത്. ജനാലയ്ക്കു പുറംതിരിഞ്ഞു നില്‍ക്കുന്ന അലംകൃതയുടെ ചിത്രമാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്. സ്‌പൈഡര്‍മാന്‍- സ്‌പൈഡര്‍മാന്‍ ഫ്രണ്ട്‌ലി നെയ്ബര്‍ഹുഡ് സ്‌പൈഡര്‍മാന്‍ എന്ന ക്യാപ്ഷനില്‍ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തുവെന്ന് പറഞ്ഞാല്‍ മതി. ഇതിനിടയില്‍ ‘എന്റെ കുഞ്ഞ് കുട്ടി’ എന്നു പറഞ്ഞ് നമ്മുടെ നസ്രിയയും എത്തി. എന്നാല്‍ സുപ്രിയയുമൊത്തുള്ള അടിക്ക് പൃഥ്വി നസ്രിയയെ കൂട്ടുപിടിക്കാന്‍ ‘നസ്രിയ നീ എന്റെ ബെസ്റ്റ് ഫ്രെണ്ടാണോ?’ എന്ന് ചോദിച്ചു. ‘ആണല്ലോ, ഒരു കിവി കഴിക്കൂ’ എന്ന് ന്യൂട്രലില്‍ നസ്രിയയുടെ മറുപടി വന്നു. ‘എന്റെ മകള്‍ ഇങ്ങനെയൊന്നും സംസാരിക്കില്ല’ എന്നു മറുപടിയുമായി വീണ്ടും സുപ്രിയ എത്തിയതോടെ തല്‍ക്കാലം അടിപിടി അവസാനിച്ചുവെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇതിനിടയില്‍ തന്റെ സുഹൃത്തായ ലാഡാ സിങിനോട് ഇന്ന് രാത്രി ഡിന്നര്‍ സമയത്ത് അലംകൃതയെ നോക്കണമെന്നും അവളുടെ ഡാഡയ്ക്കും മമ്മയ്ക്കും കുറച്ച് സമാധാനം വേണമെന്നും പൃഥ്വി പറയുന്നുണ്ട്. ലാഡാ സിങ് അതിന് സമ്മതമറിയിക്കുകയും പൃഥ്വിയ്ക്കും സുപ്രിയയ്ക്കുമൊപ്പം സമയം ചിലവഴിക്കുന്നതിനേക്കാള്‍ തനിക്കിഷ്ടം അലംകൃതയോടൊപ്പമായിരിക്കാനാണെന്നാണ് ആ സുഹൃത്തിന്റെ മറുപടി.

Top