കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആഘോഷമാക്കി കോണ്‍ഗ്രസ്. വമ്പൻ റോഡ് ഷോയോടെയാവും പ്രിയങ്കയുടെ പത്രികാ സമർപ്പണം. പതിനായിരങ്ങളാണ് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രിയങ്കയേയും രാഹുൽ ഗാന്ധിയേയും വരവേൽക്കാൻ എത്തിയിരിക്കുന്നത്. ഇത്തവണ കോൺഗ്രസിന്റെയും, മുസ്‌ലിം ലീഗിന്റെയും പതാകകളുയർത്തിയല്ല വരവേൽപ്. മൂവർണ നിറത്തിലുള്ളതും, ഹരിത നിറത്തിലുമുള്ള ബലൂണുകൾ ഉയർത്തിയാണ് ഇക്കുറി പ്രവർത്തകർ നേതാക്കളെ വരവേൽക്കുന്നത്. വെയിലും ചൂടും വകവയ്ക്കാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് റോഡ്ഷോയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. ‘ Welcome Priyanka Gandhi ‘ പ്ലക്കാർഡുകളും ഉയർത്തിയിട്ടുണ്ട്.
പ്രിയങ്കയ്ക്കൊപ്പം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തി.
പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം അതിഗംഭീരമാക്കാൻ പ്രവർത്തകർ സജ്ജമാണ്. വിവിധ ജില്ലകളിൽ നൂറ് കണക്കിന് പ്രവർത്തകരാണ് എത്തുന്നത്. രാവിലെ 11 മണിയോടെ കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ തുടങ്ങും. പ്രിയങ്കയ്ക്ക് ഒപ്പം, സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയിൽ പങ്കെടുക്കും. സമാപന വേദിയിൽ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമർപ്പണം. 5 സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് 3 സെറ്റ് പത്രിക സമർപ്പിക്കും.സോണിയ ഗാന്ധിക്കും റോബർട്ട് വദ്രയ്ക്കും മക്കൾക്കും ഒപ്പമാണ് കന്നി അങ്കത്തിനായി പ്രിയങ്ക ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയത്.
രാഹുൽ ഗാന്ധിയുടേയും പ്രിയങ്കയുടേയും ചിത്രങ്ങൾ അടങ്ങിയ നിരവധി പ്ലക്കാർഡുകളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നടക്കമാണ് പ്രവർത്തകർ എത്തിയിരിക്കുന്നത്. ഇന്ദിരാഗാന്ധിയെപ്പോലെ പ്രിയങ്കയെ കാണുമെന്നാണ് ജനക്കൂട്ടത്തിന്റെ പ്രതികരണം.
പ്രിയങ്കാ ഗാന്ധി നാമനിർദ്ദേശ പത്രികയിൽ ഒപ്പു വെക്കുന്നു. പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പിട്ടത്.രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയിട്ടുണ്ട്. ബത്തേരി സെൻ്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെത്തിയ രാഹുൽ ഗാന്ധി കാർ മാർഗമാണ് താമസസ്ഥലത്തേക്ക് പോയത്. തുടർന്ന് താമസസ്ഥലത്തു നിന്നും ഇരുവരും പുതിയസ്റ്റാന്റിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
അതേസമയം, ചേലക്കരയിൽ മൂന്ന് മുന്നണികളുടേയും സ്ഥാനാർത്ഥികൾ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പത്ത് മണിക്കാണ് ഇടത് സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപ് പത്രിക സമര്‍പ്പിക്കുക. വടക്കാഞ്ചേരി താലൂക്ക് ഓഫീസിലേക്ക് പ്രകടനമായി ഇടത് സ്ഥാനാർത്ഥി എത്തും. എൻഡിഎ സ്ഥാനാര്‍ഥി കെ.ബാലകൃഷ്ണൻ പതിനൊന്നര മണിക്കും യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ഉച്ചകഴിഞ്ഞ് ഒന്നരയോടെയും പത്രിക നല്‍കും.
റോഡ് ഷോയ്ക്ക് ശേഷം 12:30-ഓടെ പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മണ്ഡലം രൂപീകൃതമായ ശേഷം കോൺഗ്രസിനൊപ്പമാണ് വയനാട്. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.