കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാര്‍ത്ഥികൾ:ജി 23 നേതാവ് മനീഷ് തിവാരിയുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക്; ആനന്ദ് ശര്‍മ്മയുടെ പിന്തുണയും ശശി തരൂരിനല്ല

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പിൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെ ചിത്രം വ്യക്തമായി. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗെ, ശശി തരൂര്‍ എംപി, ജാര്‍ഖണ്ഡിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.എൻ.ത്രിപാഠി എന്നിവരാണ് അധ്യക്ഷ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും ജി 23 അംഗവുമായ മനീഷ് തിവാരിയുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക്. മൂന്ന് പത്രികയാണ് ഖാര്‍ഗെ സമര്‍പ്പിച്ചത്. ജി 23 നേതാക്കളുടെ പിന്തുണ നേടിയെടുക്കാന്‍ ഖാര്‍ഗെയ്ക്ക് കഴിഞ്ഞു. ജി 23 നേതാക്കളായ മനീഷ് തിവാരിയും പൃഥ്വിരാജ് ചൗഹാനും നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവെച്ചു. ആനന്ദ് ശര്‍മ്മയുടെ പിന്തുണയും ഖാര്‍ഗെയ്ക്കാണ്.

നെഹ്റു കുടുംബത്തിൻ്റേയും ഹൈക്കമാൻഡിൻ്റേയും പിന്തുണയോടെ മത്സരിക്കുന്ന മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗേയ്ക്ക് വിമത വിഭാഗമായി ജി23യുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കരുതിയ മനീഷ് തീവാരി അടക്കമുള്ള നേതാക്കൾ ഖാര്‍ഗ്ഗേയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗേ രാജിവച്ചേക്കും. അധ്യക്ഷ തെരഞ്ഞെടുപ്പിന് മുൻപായി രാജിയുണ്ടാവുമോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ഹൈക്കമാൻഡിൻ്റേയും ജി 23 നേതാക്കളുടേയും പിന്തുണയോടെയാണ് ഖാര്‍ഗ്ഗേ മത്സരിക്കാൻ ഇറങ്ങുന്നത്.

തിരുവനന്തപുരം എംപിയായ ശശി തരൂരാണ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാര്‍ഗ്ഗേയുടെ പ്രധാന എതിരാളി. ഇന്ന് രാവിലെ എഐസിസി ആസ്ഥാനത്ത് എത്തി നാമനി‍ര്‍ദേശ പത്രിക സമര്‍പ്പിച്ച ശശി തരൂര്‍ പിന്നാലെ പ്രചാരണ പത്രികയും പുറത്തിറക്കി.

പിന്തുണച്ചവർക്കെല്ലാം നന്ദി അറിയിക്കുന്നതായി പത്രികാ സമര്‍പ്പണത്തിന് ശേഷം ഖാർഗെ പറഞ്ഞു. നിരവധി നേതാക്കൾ തന്നെ പിന്തുണച്ചു. കുട്ടിക്കാലം മുതൽ കോൺഗ്രസിനായി നിലകൊണ്ടയാളാണ് ഞാൻ. കോൺഗ്രസിന്റെ ആശയത്തിനൊപ്പമാണ് എന്നും നിലകൊണ്ടത്. എല്ലാ വോർട്ടർമാരും തനിക്കായി വോട്ട് ചെയ്യണം. ഇന്ദിര ഗാന്ധിയെ പോലുള്ള നേതാക്കളിൽ നിന്ന് കിട്ടിയ ഊർജമാണ് തന്നെ കോൺഗ്രസ് നേതാവാക്കിയതെന്നും ഖാര്‍ഗ്ഗെ പറഞ്ഞു.

തനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നതായും, 12 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ തൻ്റെ പത്രികയിൽ ഒപ്പിട്ടുവെന്നും കശ്മീർ മുതൽ കേരളം വരെയുള്ള സംസ്ഥാനങ്ങളിലെ നേതാക്കൾ തനിക്കായി ഒപ്പിട്ടെന്നും ശശി തരൂ‍ര്‍ പറഞ്ഞു.

തരൂരിൻ്റെ വാക്കുകൾ ഇങ്ങനെയാണ് :കോൺഗ്രസിനെ കുറിച്ച് തനിക്കൊരു കാഴ്ചപ്പാട് ഉണ്ട് , അത് വിശദീകരിക്കുന്ന മാനിഫെസ്റ്റോ ഇന്ന് പുറത്തിറക്കിയിട്ടുണ്ട്. പാർട്ടിയെ നവീകരിക്കാനുള്ള നിർദ്ദേശങ്ങൾ പദ്ധതികൾ എല്ലാമത്തിൽ വിശദീകരിക്കുന്നുണ്ട്. എൻ്റെ ശബ്ദം ഒരാളുടെ ശബ്ദമല്ല, പാർട്ടി തിരഞ്ഞെടുപ്പുകൾ മത്സരിക്കുന്ന ഒരു യന്ത്രം മാത്രമല്ല. ജനങ്ങളെ സേവിക്കേണ്ട ഉത്തരവാദിത്തം കൂടി പാര്‍ട്ടിക്കുണ്ട്.

കോൺഗ്രസ് പ്രസിഡൻ്റ് ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്ന് പറഞ്ഞതാണ്, തുടർന്നാണ് മത്സരിക്കാൻ തീരുമാനിച്ചത്, തന്നെ പിന്തുണച്ചവരെ നിരാശരാക്കില്ല. സോണിയയേയും രാഹുലിനോടും താൻ സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പാർട്ടിക്ക് നല്ലതാണ് എന്ന് അവർ പറഞ്ഞു. പാർട്ടിയെ മുന്നോട്ട് നയിക്കാനുള്ള ഒരു കാഴ്ചപ്പാട് ആണ് ഞാൻ മുന്നോട്ട് വയ്ക്കുന്നത്.

ഖാർഗെയുടെ സംഭാവനകൾ മികച്ചതാണ്, ഇതൊരു സൗഹൃദ മത്സരമാണ്. ആര്‍ക്കായി വോട്ട് ചെയ്യണം എന്ന് എല്ലാവരും സ്വയം തീരുമാനിക്കട്ടെ പിസിസിക്ക് ആർക്ക് വോട്ട് ചെയ്യണം എന്ന് പറയാനാകില്ല. ആൻ്റണി അടക്കമുള്ള നേതാക്കളെ കണ്ട് സംസാരിച്ചിരുന്നു, ചിന്തിക്കണം എന്ന മറുപടിയാണ് കിട്ടിയത്. ഇന്ന് കേരളത്തിലെ 2 എംഎൽഎ മാർ എനിക്ക് പിന്തുണ പ്രഖ്യാപിച്ചു. മുതിർന്ന നേതാക്കളോട് ബഹുമാനമുണ്ട്. പക്ഷേ യുവാക്കൾ മാറി ചിന്തിച്ചാൽ കുറ്റം പറയാനാകില്ല. പാർട്ടി പഴയ രീതിയിൽ പോകണം എന്ന് കരുതുന്നവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം, പാർട്ടിയിൽ സമഗ്രമായ മാറ്റം വേണം എന്ന് തോന്നുന്നവർ എന്നെ പരിഗണിക്കണം.

Top