
ന്യുഡൽഹി : കോൺഗ്രസ് ഹിന്ദുത്വ അജണ്ട സ്വീകരിക്കുന്നു എന്ന ആരോപണം ശക്തമാകുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറി ആയ പ്രിയങ്ക ഗാന്ധി ഡെറാഡൂൺ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ആളുകളുടെ ശ്രദ്ധ പതിഞ്ഞത് പ്രിയങ്കയുടെ കൈവശമുണ്ടായിരുന്ന രുദ്രാക്ഷ മാലയിലായിരുന്നു. രുദ്രാക്ഷം കൈയിൽ പിടിച്ചിരിക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിലെ ഒരു കർഷക പഞ്ചായത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രിയങ്ക. കയ്യില്‍ രുദ്രാക്ഷം അണിഞ്ഞ് യുപിയിലെ ശകുംഭരി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പ്രിയങ്ക എത്തിയിരുന്നു.
ആദ്യമായാണ് പ്രിയങ്ക രുദ്രാക്ഷ മാലയണിഞ്ഞ് പൊതുസ്ഥലത്ത് എത്തുന്നത്. രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധി ക്ഷേത്രത്തില്‍ രുദ്രാക്ഷ മാലയണിഞ്ഞ് എത്തിയതെന്ന് യുപി മന്ത്രി ബ്രിജേഷ് പഥക് പറഞ്ഞു. വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാനാണ് പ്രിയങ്ക ശ്രമിക്കുന്നതെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തെറ്റിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അവര്‍ വോട്ടിന് വേണ്ടി പെട്ടെന്ന് ഹിന്ദുവായി മാറി എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രിയങ്ക ഗാന്ധി ബ്രാഹമണ കുടുംബാംഗം ആണെന്നും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനും രുദ്രാക്ഷം ധരിക്കാനും എല്ലാ അവകാശവുമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് അന്‍ശു അവസ്തി പറഞ്ഞു. കിസാൻ പഞ്ചായത്ത് വേദിയിലെത്തിയ പ്രിയങ്ക വിശുദ്ധ നഗരമായ പ്രയാഗ് രാജ് സന്ദർശിക്കണമെന്നും സംഗമത്തിൽ മുങ്ങി കുളിക്കണമെന്നുമുള്ള തന്റെ ആഗ്രഹം പരസ്യമാക്കിയിരുന്നു.
പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള കർഷകരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രിയങ്ക ഗാന്ധി രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ചാണ് ഉത്തർപ്രദേശിൽ എത്തിയിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ മതപരമായ രാഷ്ട്രീയ നീക്കമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ. 30 വർഷത്തിലേറെയായി അധികാരത്തിൽ നിന്ന് വിട്ടുനിൽക്കുകയും 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ 80 ൽ ഒരു ലോക്സഭാ സീറ്റായി ചുരുങ്ങുകയും ചെയ്ത സംസ്ഥാനത്തെ പഴയ കോൺഗ്രസ് പാർട്ടിക്ക് അതിന്റെ വേരുകൾ വീണ്ടെടുക്കാൻ ഈ പുതിയ തന്ത്രം സഹായിക്കുമോ എന്നതാണ് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യം.
പ്രധാന പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ കോൺഗ്രസ് തുടക്കം മുതൽ തന്നെ കർഷകരുടെ പ്രക്ഷോഭത്തിന് പിന്തുണ നൽകുന്നുണ്ട്. കർഷകരുടെ പ്രതിഷേധം വ്യാപിച്ചതോടെ ഈ നീക്കം പടിഞ്ഞാറൻ യുപിയിലുടനീളം ചില മാറ്റങ്ങളുടെ സൂചനകളും നൽകുന്നുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ ഫലഭൂയിഷ്ഠമായ മണ്ണാണ് യുപി.
2014 മുതൽ, 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും, 2019 ലെ പൊതുതെരഞ്ഞെടുപ്പുകളിലുമെല്ലാം യുപിയിലെ മതങ്ങളാണ് ബിജെപിയ്ക്ക് തുണയായിത്. ഹിന്ദുത്വ ഏകീകരണം തന്നെയാണ് ഇത്തവണ കോൺഗ്രസും ലക്ഷ്യമിട്ടിരിക്കുന്നതെന്നു വേണം കരുതാൻ. കർഷക പ്രതിഷേധം തീർച്ചയായും ബിജെപിയ്ക്ക് മുന്നറിയിപ്പിന്റെ സൂചനകളും എതിരാളികൾക്ക് പ്രതീക്ഷയുടെ കിരണവുമാണ്.
ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷക പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട ഒരു സിഖ് യുവ കർഷകന്റെ സ്മരണയ്ക്കായി നടത്തിയ പരിപാടിയിൽ പങ്കെടുക്കാൻ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ നേതാക്കൾ രാംപൂരിലെത്തിയത് പുതിയ തന്ത്രത്തിന്റെ ആദ്യ പടിയാണെന്നത് വ്യക്തം. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഫെബ്രുവരി 10 ന് പ്രിയങ്ക ഗാന്ധി സഹാറൻപൂരിലെ ഒരു വലിയ കർഷക പഞ്ചായത്തിൽ പങ്കെടുക്കുകയും ചെയ്തു. ബിജ്‌നോറിലും അവർ പങ്കെടുത്തിരുന്നു. അടുത്ത കുറച്ച് ദിവസങ്ങളിൽ, മുസാഫർനഗറിലും (ഇന്ന്) മീററ്റിലും (ഫെബ്രുവരി 23) കർഷക പഞ്ചായത്തുകളിൽ പങ്കെടുക്കാനാണ് പ്രിയങ്കയുടെ തീരുമാനം.
ബി.ജെ.പിയുടെ ആക്രമണാത്മക ഹിന്ദുത്വവാദത്തെ ചെറുക്കാനും കോൺഗ്രസ് ആഗ്രഹിക്കുന്നുണ്ട് എന്നുവേണം കരുതാൻ. പ്രിയങ്കയുടെ രുദ്രാക്ഷ മാലയുടെ ചിത്രങ്ങൾ മുതൽ സഹാറൻപൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ‘സംഗം സ്‌നാൻ’, ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതിയിൽ നിന്ന് അനുഗ്രഹം തേടുന്ന ചിത്രങ്ങളും വരെ യുപിയിലും ദേശീയ തലത്തിൽ തന്നെയും പ്രചരിച്ചിരുന്നു.