ബംഗളുരു: കര്‍ണാടക നിയമസഭയില്‍ പ്രോടേം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എ കെ.ജി ബൊപ്പയ്യ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വിനീത വിധേയന്‍. 2010-13ല്‍ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് നിയമസഭാ സ്പീക്കറായിരുന്നു ബൊപ്പയ്യ. 2010ല്‍ ബി.ജെ.പി സര്‍ക്കാര്‍ നേരിട്ട അവിശ്വാസ പ്രമേയം വിജയിക്കുന്നതിന് 11 ബി.ജെ.പി എം.എല്‍.എമാരെയും അഞ്ച് സ്വതന്ത്ര എം.എല്‍.എമാരെയും അയോഗ്യരാക്കിയ ചരിത്രമുണ്ട് ബൊപ്പയ്യക്ക്. എം.എല്‍.എമാരെ അയോഗ്യരാക്കരുതെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം മറികടന്നായിരുന്നു ബൊപ്പയ്യയുടെ നടപടി.ഇതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് സ്പീക്കര്‍ എച്ച് ആര്‍ ഭരദ്വാജ് ശിപാര്‍ശ ചെയ്തു. അയോഗ്യത കല്‍പ്പിച്ച നടപടിക്കെതിരെ 11 ബി.ജെ.പി എം.എല്‍.എമാര്‍ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി സ്പീക്കര്‍ക്കറുടെ നടപടി റദ്ദാക്കി. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് സഭയുടെ അംഗബലം സ്പീക്കര്‍ തന്നെ അട്ടിമറിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. ഖനി കുംഭകോണ കേസില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ അവിശ്വാസം രേഖപ്പെടുത്തിയാണ് ഒരു വിഭാഗം എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചത്.
വിമതരും സ്വതന്ത്ര എം.എല്‍.എമാരും അയോഗ്യരാക്കപ്പെട്ടതോടെ നിയമസഭയുടെ അംഗബലം 208 ആയി ചുരുങ്ങി. ഇതോടെ ബി.ജെ.പിയുടെ അംഗബലം 117ല്‍ നിന്ന് 106 ആയി കുറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്ത് കോണ്‍ഗ്രസും ജെ.ഡി.എസും ഉള്‍പ്പെടെ 101 പേരാണ് ഉണ്ടായിരുന്നത്. യെദ്യൂരപ്പയ്ക്ക് വേണ്ടി സ്പീക്കര്‍ ധൃതി പിടിച്ചാണ് ബൊപ്പയ്യ തീരുമാനം എടുത്തതെന്ന് സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു. ഇത്തവണ വീണ്ടും സമാനമായ മറ്റൊരു സാഹരചര്യമാണ് സംസ്ഥാനം നേരിടുന്നത്.
അതേസയം പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും സമർപിച്ച ഹർജി സുപ്രീം കോടതി ശനിയാഴ്ച പരിഗണിക്കും. നേരത്തെ കർണാടക കേസ് പരിഗണിച്ച ജസ്റ്റീസുമാരായ എ.കെ.സിക്രി, അശോക് ഭൂഷൻ, എസ്.എ. ബോബ്ദെ എന്നിവർ അടങ്ങിയ മൂന്നംഗം ബെഞ്ചാണ് ഹർജി പരിഗണിക്കുക. രാവിലെ 10.30നാണ് കോടതി ഹർജിയിൽ വാദം കേൾക്കുക.
മുൻ സ്പീക്കറും ബിജെപി എംഎൽഎയുമായ കെ.ജി. ബൊപ്പയ്യയെ പ്രോടെം സ്പീക്കർ ആയി നിയമിച്ചതിനെതിരെയാണ് കോൺഗ്രസ് ഹർജി നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഗവർണർ പ്രോടെം സ്പീക്കറെ നിയമിച്ചതെന്നായിരുന്നു കോൺഗ്രസിന്‍റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് വീണ്ടും പരമോന്നത നീതിപീഠത്തെ സമീപിച്ചത്.
പക്ഷപാതം കാട്ടിയതിന് കോടതി മുൻപ് വിമർശിച്ചയാളാണ് ബൊപ്പയ്യ എന്നാണ് ഹർജിയിലെ പ്രധാന വിമർശനം. മുതിർന്ന അംഗത്തെ പ്രോടെം സ്പീക്കർ ആക്കണമെന്ന് മാത്രമായിരുന്നു കോടതിയുടെ ഉത്തരവെന്നും അങ്ങനെയെങ്കിൽ കോൺഗ്രസിന്‍റെ പ്രതിനിധിയായ സഭയിലെ ഏറ്റവും പ്രായംകൂടിയ അംഗം ആർ.വി.ദേശ് പാണ്ഡെയാണ് നിയമിതനാകേണ്ടതെന്നും കോൺഗ്രസ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിരാജ്പേടിൽനിന്നുള്ള എംഎൽഎയാണ് ബൊപ്പയ്യ. കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ വിശ്വസ്തൻകൂടിയാണ് അദ്ദേഹം.