തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. സഹകരണ വകുപ്പ് രജിസ്ട്രാറാണ് നടപടിയെടുത്തത്. എത്രകാലത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സഹകരണവകുപ്പ് മന്ത്രി സിഎന്‍ ബാലകൃഷ്ണനും ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് നടപടി.
അഴിമതിക്കാരനായ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ ജോയ് തോമസിനെ പുറത്താക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതേ ജോയ് തോമസിന് ജയ് വിളിച്ച് സിഐടിയു നേതാക്കള്‍. ജോയ് തോമസിന്റെ അഴിമതി അക്കമിട്ട് നിരത്തി കെപിസിസി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനിയുടെ അന്വേഷണ റിപ്പോര്‍ട്ട്. സതീശന്‍ പാച്ചേനിയെ പുറത്താക്കണമെന്ന് വാദിക്കുന്ന ഐഎന്‍ടിയുസി നേതാക്കള്‍. അഴിമതി വ്യക്തമായിട്ടും നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. പ്രസ്താവനകളുടെ മറപറ്റി സമരത്തില്‍ നിന്നകന്ന് പ്രതിപക്ഷം. കണ്‍സ്യൂമര്‍ഫെഡ്ഡിലൂടെ പുറത്ത് വരുന്നത് അഴിമതിയിലെ സിപിഎം-കോണ്‍ഗ്രസ് ഒത്തുകളി. കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ കുറുമുന്നണിയാണ് കണ്‍സ്യൂമര്‍ഫെഡ് നിയന്ത്രിക്കുന്നത്. അഴിമതി നടത്താനും അഴിമതിക്കാരെ സംരക്ഷിക്കാനും ഇവര്‍ ഒറ്റക്കെട്ട്. കോണ്‍ഗ്രസ് നേതാവും കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനുമായ ജോയ് തോമസ്, സിഐടിയു സംഘടനയായ കണ്‍സ്യൂമര്‍ ഫെഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. ജയകുമാര്‍, സെക്രട്ടറിമാരായ എം. ഷാജി, മഹേഷ്‌കുമാര്‍, വൈസ് പ്രസിഡണ്ട് അനില്‍കുമാര്‍, ഐഎന്‍ടിയുസി സംഘടനയായ കണ്‍സ്യൂമര്‍ ഫെഡ് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രദീപ് കുമാര്‍ എന്നിവരാണ് ഇപ്പോഴത്തെ അഴിമതി സഹകരണ സംഘം.
അന്വേഷണ വിധേയരായി സസ്‌പെന്റ് ചെയ്യപ്പെട്ടവരാണ് സിഐടിയു നേതാക്കളെങ്കില്‍ പന്ത്രണ്ടര കോടിയുടെ അഴിമതി അന്വേഷണം നേരിടുന്നയാളാണ് പ്രദീപ് കുമാര്‍. ഇരുസംഘടനകളിലും ഉള്‍പ്പെട്ട മുപ്പതോളം അഴിമതിക്കാര്‍ ഇവരുടെ തണലില്‍ സുഖമായി കഴിയുന്നു. അന്വേഷണം തുടര്‍ച്ചയായി സര്‍ക്കാര്‍ അട്ടിമറിക്കുന്നതും പ്രതിപക്ഷം സമരത്തിനിറങ്ങാത്തതും ഈ അവിശുദ്ധ കൂട്ട്‌കെട്ട് കാരണമാണ്. അഴിമതിയുമായി ബന്ധപ്പെട്ട നാല് അന്വേഷണ റിപ്പോര്‍ട്ടുകളാണ് യുഡിഎഫ് ഭരണകാലത്ത് പ്രതിപക്ഷത്തിന്റെ ഒത്താശയോടെ കണ്‍സ്യൂമര്‍ ഫെഡില്‍ അട്ടിമറിക്കപ്പെട്ടത്. 2011ല്‍ ആഭ്യന്തര അന്വേഷണ വിഭാഗം കണ്ടെത്തിയത് 80 ലക്ഷത്തിന്റെ ക്രമക്കേട്. 22 ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയും ചെയ്തു. ഇതില്‍ ഇരുപതോളം പേര്‍ സിഐടിയു ജീവനക്കാരായിരുന്നു. എന്നാല്‍ ആറ് പേരില്‍ നിന്നും നിസാര തുക ഈടാക്കി റിപ്പോര്‍ട്ട് ഒതുക്കിത്തീര്‍ത്തു. ആരോപണവിധേയരായവരെ വീണ്ടും അതേ തസ്തികയില്‍ തന്നെ നിയമിക്കുകയും ചെയ്തു. സിപിഎം ലോക്കല്‍ സെക്രട്ടറി കൂടിയായ ആഭ്യന്തര അന്വേഷണ വിഭാഗത്തിലെ ദിനേശ്‌ലാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2013ല്‍ ഓപ്പറേഷന്‍ അന്നപൂര്‍ണയെന്ന പേരില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 60 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി.
മുന്‍ എംഡിയായിരുന്ന റിജി ജി. നായര്‍, സിഐടിയു നേതാവ് ജയകുമാര്‍ എന്നിവരെ സസ്‌പെന്റ് ചെയ്യണമെന്നും സിഐടിയു നേതാക്കളായ എം. ഷാജി, മഹേഷ്‌കുമാര്‍, ഐഎന്‍ടിയുസി നേതാവ് സ്വീഷ് സുകുമാര്‍ എന്നിവരെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാത്ത തസ്തികകളില്‍ മാറ്റി നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി. എന്നാല്‍ സസ്‌പെന്‍ഷന്‍ നടപടി മുക്കിയ കണ്‍സ്യൂമര്‍ഫെഡ് ആരോപണവിധേയര്‍ക്ക് പ്രൊമോഷന്‍ നല്‍കിയാണ് മാറ്റി നിയമിച്ചത്. തച്ചങ്കരി എംഡിയായതിന് ശേഷമാണ് മൂന്നാമത്തെ അന്വേഷണം നടക്കുന്നത്. ആഭ്യന്തര അന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 22 ജീവനക്കാരെ തച്ചങ്കരി സസ്‌പെന്റ് ചെയ്തു. ഇതില്‍ ഗുരുതരമായ അഴിമതി നടത്തിയ 17 ജീവനക്കാരില്‍ 16ഉം സിഐടിയുക്കാരാണ്. മുന്‍ അന്വേഷണ റിപ്പോര്‍ട്ടുകളില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന അജയകുമാര്‍, ഷാജി, മഹേഷ്‌കുമാര്‍ എന്നിവരും സസ്‌പെന്റ് ചെയ്യപ്പെട്ടവരില്‍പ്പെടുന്നു. എന്നാല്‍ ഇതിന് ഭരണസമിതി അനുമതി നല്‍കാത്തതിനാല്‍ ഇവര്‍ സര്‍വ്വീസില്‍ തിരിച്ചെത്തുകയും ചെയ്തു. അഴിമതി വ്യക്തമാക്കി തച്ചങ്കരി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെച്ചൊല്ലി ഭരണസമിതി അംഗങ്ങള്‍ ചേരിതിരിഞ്ഞതോടെയാണ് സതീശന്‍ പാച്ചേനി അധ്യക്ഷനായി ഉപസമിതിയെ നിയോഗിച്ചത്. സിപിഎം ലോക്കല്‍ കമ്മറ്റി അംഗം കൂടിയായ രാമകൃഷ്ണന്‍, കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവായ രാജശേഖരന്‍ എന്നിവരായിരുന്നു മറ്റംഗങ്ങള്‍. എന്നാല്‍ ഇവര്‍ ഇരുവരും ഉപസമിതിയുടെ പ്രവര്‍ത്തനവുമായി സഹകരിച്ചില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഉപസമിതി റിപ്പോര്‍ട്ടും അംഗീകരിക്കാനാകില്ലെന്ന് ജോയ് തോമസ് പറയുന്നത്. ഭരണസമിതിയില്‍ മൂന്ന് സിപിഎം നോമിനികള്‍ ഉണ്ടെങ്കിലും ജോയ് തോമസിന് അനുകൂലമായാണ് നിലപാടെടുക്കുന്നത്. സംസ്ഥാനത്തെ അഴിമതിയില്‍ നേരത്തെ വ്യക്തമായ ഭരണ-പ്രതിപക്ഷ കൂട്ടുകെട്ടാണ് കണ്‍സ്യൂമര്‍ ഫെഡിനെയും അഴിമതിയില്‍ കുളിപ്പിച്ചത്.