കൈവെട്ട് കേസിലെ പ്രതി സവാദിനെ തിരിച്ചറിഞ്ഞ് പ്രൊഫസർ ടി ജെ ജോസഫ്.

കൊച്ചി: അധ്യാപകൻ്റെ കൈവെട്ടിയ കേസിൽ പ്രതി സവാദിനെ തിരിച്ചറിഞ്ഞ് പ്രൊഫ. ടി ജെ ജോസഫ്. എറണാകുളം സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് ഒന്നാം പ്രതി സവാദിനെ പ്രൊ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സവാദിനെ കഴിഞ്ഞ ആഴ്ച കണ്ണൂരിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. മകൻ മിഥുൻ ടി ജോസഫ്, സഹോദരി സിസ്റ്റർ സ്റ്റെല്ല എന്നിവർ ടി ജെ ജോസഫിനൊപ്പമുണ്ടായിരുന്നു. എറണാകുളം സി ജെ എം കോടതി ചുമതലപ്പെടുത്തിയ മജിസ്ട്രേറ്റിൻ്റെ നേതൃത്വത്തിലായിരുന്നു തിരിച്ചറിയൽ പരേഡ്.

സവാദിനെ തിരിച്ചറിഞ്ഞു. പൗരന്‍ എന്ന നിലയിലുള്ള തന്റെ കടമ നിര്‍വഹിച്ചു. താന്‍ ഇര മാത്രം. ശിക്ഷ തീരുമാനിക്കേണ്ടത് കോടതി’, ടി ജെ ജോസഫ് പറഞ്ഞു.കണ്ണൂർ മട്ടന്നൂര്‍ പരിയാരം ബേരത്ത് വെച്ചാണ് എന്‍ഐഎ സംഘം പതിമൂന്ന് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന സവാദിനെ പിടികൂടിയത്. തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതിയാണ് സവാദ്. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തെ എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 13 നാണ് കോടതി കേസിലെ മറ്റു പ്രതികൾക്ക് ശിക്ഷ വിധിച്ചിരുന്നു. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്.‌

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്രയും കാലം സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് ആരൊക്കെയെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. സവാദിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് മൊബൈൽ ഫോണുകളും ഒരു സിം കാർഡും പിടികൂടിയിരുന്നു. ഇയാളെ സംബന്ധിച്ച ചില വ്യക്തിവിവരങ്ങളും പിടിച്ചെടുത്തിരുന്നു. തിരിച്ചറിയൽ പരേഡിന് ശേഷം സവാദിനെ കസ്റ്റഡിയിൽ വാങ്ങാനാണ് എൻഐഎ തീരുമാനം. പിഎഫ്ഐ നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വർഷം ഒളിവിൽ കഴിഞ്ഞതെന്നാണ് എൻഐഎയുടെ വിലയിരുത്തൽ.

നേരത്തെ രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 രൂപ പിഴയും, നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തവും 5000 രൂപ രൂപ പിഴയുമാണ് വിധിച്ചത്. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. ശിക്ഷാ വിധികള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേര്‍ന്ന് നാല് ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

2011 ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. എന്നാൽ ഒന്നാം പ്രതിയെ കണ്ടെത്താൻ കഴിയാത്തത്ത് ദേശീയ അന്വേഷണ ഏജൻസിയ്ക്ക് തിരിച്ചടിയായിരുന്നു. വിവധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇനാം 10 ലക്ഷമാക്കി ഉയർത്തി തെരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. കൈവെട്ട് കേസിൽ 31 പ്രതികളെ ഉൾപ്പെടുത്തി 2015 എൻഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ 18 പേരെ വെറുതെവിടുകയും 13 പേരെ ശിക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ രണ്ടാം ഘട്ട വിചാരണ പൂർത്തിയാക്കി 6 പേരെ ശിക്ഷിക്കുകയും 5 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. സവാദിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിനാണ് എൻഐഎ തീരുമാനിച്ചിട്ടുള്ളത്. 13 വർഷം ഒളിവിൽ കഴിയാൻ സഹായം ചെയതവർ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് എൻഐഎ ഇനി അന്വേഷിക്കുന്നത്.

Top