കൊച്ചി :ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ദീപ നിശാന്തിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ ദീപ നിഷാന്തിനെതിരെ സി.പി.എമ്മും രംഗത്ത് വന്നു . രമ്യയെ മാളികപ്പുറത്തമ്മയാക്കാനാണ് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നതെന്ന തരത്തിലായിരുന്നു ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പരസ്യമായ പിന്തുണ നല്‍കിയും യുഡിഎഫ് സ്ഥാനാര്‍ഥികളെ കളിയാക്കിയും അടുത്തിടെ ദീപ നിരവധി പോസ്റ്റുകള്‍ പോസ്റ്റു ചെയ്തിരുന്നു. അന്നൊന്നും വിവാദം ഉയര്‍ന്നിരുന്നില്ല. എന്നാല്‍ സംവരണ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ അപമാനിച്ചതോടെ കോണ്‍ഗ്രസുകാര്‍ ശക്തമായി രംഗത്തിറങ്ങുകയായിരുന്നു.
സോഷ്യല്‍മീഡിയയില്‍ വലിയ താരമായിരുന്ന ദീപ അറിയപ്പെടുന്നത് ഇടതു ചിന്തക എന്നനിലയിലായിരുന്നു. എന്നാല്‍ കവിതാ മോഷണത്തില്‍ ദീപ കുടുങ്ങിയതോടെ ഇവരുടെ പ്രതിച്ഛായയും മങ്ങി. ഇപ്പോള്‍ ഫേസ്ബുക്കില്‍ സജീവമാണെങ്കിലും പഴയപോലെ പിന്തുണ കിട്ടുന്നില്ല.അതിനിടെ ദീപയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിംഗും രംഗത്തുവന്നു.