മാഡ്രിഡ്: കാളപ്പോര് അവസാനിപ്പിക്കണമെന്നാവശ്യം കാലങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. ഇത്തവണ യുവതീ യുവാക്കള്‍ അര്‍ദ്ധനഗ്നരായിട്ടാണ് തെരുവിലേക്കിറങ്ങിയത്. കാളപ്പോര് നിരോധിക്കണമെന്നാവശ്യവുമായാണ് പ്രതിഷേധം. വടക്കന്‍ സ്പാനിഷ് നഗരമായ സാന്‍ ഫെര്‍മിനിലാണ് പ്രതിഷേധം ശക്തമായത്.
തലയില്‍ കാളക്കൊമ്പ് ധരിച്ച് അടിവസ്ത്രം മാത്രമിട്ടുകൊണ്ട് രക്തത്തിനോട് സാമ്യമുള്ള ദ്രാവകം തലയില്‍ ഒഴിച്ചായിരുന്നു പ്രതിഷേധം. പരിപാടി സംഘടിപ്പിച്ചത് ആനിമല്‍ ന്യൂട്രാലിസും പെറ്റയും ചേര്‍ന്നായിരുന്നു. കാളയെ വിറളി പിടിപ്പിച്ച ശേഷം അതിനെ കൊമ്പില്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന ഉത്സവം ഒരാഴ്ച നീണ്ടു നില്‍ക്കുന്നതാണ്. ലോകത്തുടനീളമായി ദശലക്ഷക്കണക്കിന് ആള്‍ക്കാരാണ് ഇതു കാണാനായി സ്പെയിനില്‍ എത്താറുള്ളത്. മൃഗങ്ങളെ പീഡിപ്പിക്കുന്നതും കൊല്ലുന്നതും ന്യായീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നാണ് മൃഗസ്നേഹികള്‍ പറയുന്നത്.
സ്പെയിനില്‍ വലിയ വിനോദമാണെങ്കിലും കാളയോട്ടവും കാളപ്പോരും നടത്തുന്നതിനെ ആഗോളമായി അനേകം മൃഗ സ്നേഹികളാണ് അപലപിക്കുന്നത്. സ്പെയിന് പുറമേ സ്വീഡന്‍, റഷ്യ, യുകെ എന്നിവിടങ്ങളില്‍ നിന്നും മൃഗസ്നേഹികള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും ഇത്തരം മത്സരത്തിന്റെ ഭാഗമായി 54 കാളകളാണ് കൊല്ലപ്പെടുന്നത്. ജൂലൈ 7 മുതല്‍ ജൂലൈ 14 വരെയാണ് എല്ലാ വര്‍ഷവും ഇവിടെ ഈ ഉത്സവം നടക്കുന്നത്.