കോഴിക്കോട്: തെരുവുനായ്ക്കള്‍ മനുഷ്യര്‍ക്ക് ഭീഷണിയാകുമ്പോള്‍ അധികൃതര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുന്നു. അധികൃതരുടെ ഇത്തരം നടപടിയില്‍ പ്രതിഷേധിച്ച് ഒരധ്യാപകന്‍ സമരവുമായി രംഗത്തെത്തി. തെരുവുനായ് ശല്യത്തിന് അന്തിമപരിഹാരം കാണാന്‍ തയ്യാറാകാത്ത അധികൃതരുടെ സമീപനത്തിനെതിരെ ഒറ്റയാള്‍ പ്രതിഷേധവുമായാണ് അധ്യാപകനായ ബാലകൃഷ്ണന്‍ രംഗത്തെത്തിയത്.
തെരുവ് നായ്ക്കള്‍ ആളുകളുടെ ജീവനെടുക്കുമ്പോള്‍ നടപടികള്‍ പ്രസ്താവനകളിലൊതുങ്ങുന്ന അധികാരികള്‍ക്കെതിരെയാണ് കണ്ണഞ്ചേരി സ്വദേശി ബാലകൃഷ്ണന്റെ ധര്‍ണ. പ്രതീകാത്മകമായി പട്ടിവാല് കഴുത്തില്‍ തൂക്കി രൂക്ഷമായ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ബാലകൃഷ്ണന്‍ മാനാഞ്ചിറ പൊറ്റക്കാട് പ്രതിമയ്ക്ക് മുമ്പില്‍ ഒരുമണിക്കൂര്‍ ധര്‍ണ നടത്തിയത്. മനുഷ്യരെ കൊല്ലുന്ന ആളുകള്‍ക്കെതിരെ കോടതിക്ക് കേസെടുക്കാം ശിക്ഷിക്കാം. എന്നാല്‍ ആളുകളെ കൊന്നുതിന്നുന്ന നായ്ക്കള്‍ക്കെതിരെ എന്ത് നടപടിയാണ് അധികൃതര്‍ കൈക്കൊള്ളുന്നതെന്ന് അദേഹം ചോദിക്കുന്നു. തെരുവുനായ ശല്യത്തിന് മാലിന്യപ്രശ്നം മാത്രം പറഞ്ഞൊഴിയുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതത്തിന് വിലകല്‍പ്പിക്കുന്നില്ലെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.
പ്രതിഷേധത്തിന് ആള്‍ക്കൂട്ടത്തെ കാത്തുനില്‍ക്കാതെ ഒറ്റയ്ക്കാണെങ്കിലും ശക്തമായി രംഗത്തിറങ്ങണമെന്നും ആഹ്വാനം ചെയ്താണ് ബാലകൃഷ്ണന്‍ ധര്‍ണയവസാനിപ്പിച്ചത്. സില്ലുവമ്മ എന്ന വൃദ്ധയെ തെരുവുനായ്ക്കള്‍ കൊന്നതിന്റെ പശ്ചാത്തലത്തിലാണ് ബാലകൃഷ്ണന്റെ പ്രതിഷേധം.