ട്രംപിനെതിരെ നടുവിരലുയര്‍ത്തി: യുവതിയുടെ ജോലി നഷ്ടപ്പെട്ടു; രാജ്യത്തിന്റെ അവസ്ഥയില്‍ ക്ഷുഭിതയാണെന്ന് യുവതി

വാഷിംഗ്ടൺ: ട്രംപിന് നേരെ അശ്ലീല ആംഗ്യം കാണിച്ച യുവതിയുടെ ജോലി പോയി.  ട്രംപിന്റെ വാഹന വ്യൂഹം കടന്നുപോകുമ്പോഴാണ് യുവതി നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചത്. സംഭവത്തെത്തുടർന്ന് തുടര്‍ന്ന് യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. ജൂല ബ്രിസ്ക്മാൻ(50) എന്ന യുവതിക്ക് എതിരെ അകിമാ എൽഎൽസി എന്ന കമ്പനിയാണ് നടപടി എടുത്തത്. സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിച്ചതോടെയാണ് കമ്പനി നടപടിയെടുത്തത്.

ഒ‌ക്ടബർ 28ന് വിർജീനിയയിൽ ട്രംപിന്റെ ഗോൾഫ് റിസോർട്ടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ട്രംപിന്റെ  വാഹന വ്യൂഹത്തിന് സമീപത്തിലൂടെ സൈക്കിളിൽ പോയ യുവതി നടുവിരൽ ഉ‍യർത്തി കാട്ടുകയായിരുന്നു. ഇതിനുശേഷം യുവതി തന്നെ ചിത്രം ട്വിറ്ററിലും  ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തു. ഇതു ശ്രദ്ധയിൽപ്പെട്ട എച്ച്ആർ മാനേജർ വിളിച്ച് നടപടി എടുക്കുകയുമായിരുന്നു. ജോലി സമയത്തല്ല ഫോട്ടോ എടുത്തതെന്നും പറഞ്ഞ് യുവതി ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

പുരുഷ സഹപ്രവർത്തകർക്കെതിരെ ഇത്തരത്തിൽ ആരോപണം ഉയർന്നപ്പോൾ അവരെ ജോലിയിൽ തുടരാൻ അനുവദിച്ചുവെന്നും നടപടി എടുത്തില്ലെന്നും യുവതി ആരോപിച്ചു. രാജ്യത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയിൽ താൻ ക്ഷുഭിതയാണ്. അതിനെതിരെ പ്രതികരിക്കാനുള്ള അവസരമായിരുന്നെന്നും യുവതി കൂട്ടിച്ചേർത്തു. എന്നാൽ കമ്പനി ഇതേക്കുറിച്ച് പ്രകരിച്ചിട്ടില്ല.

Top