
കോഴിക്കോട്: ഭരണകൂട ഭീകരതക്ക് നേരെ ഉയരുന്ന ചോദ്യങ്ങളെയും ശബ്ദങ്ങളെയും ഇല്ലാതാക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് മീഡിയ വണ്‍ എന്നും മാധ്യമ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിദ്യാര്‍ത്ഥി സമൂഹം ഒരുമിച്ചു നിന്ന് എതിര്‍ക്കണമെന്നും സ്റ്റുഡന്റ് കോഡിനേഷന്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ചില്‍ സ്റ്റാന്റ് വിത്ത് മീഡിയ വണ്‍: സ്റ്റുഡന്റ് പ്രൊടെസ്റ്റ് എന്ന തലക്കെട്ടില്‍ നടത്തിയ പരിപാടിയിലാണ് ആവശ്യം ഉയര്‍ന്നത്.കാരണം പോലും വ്യക്തമാക്കാതെ കേരളത്തിലെ പ്രമുഖ വാര്‍ത്ത ചാനലായ മീഡിയ വണ്ണിന് നേരെ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ഭരണഘടന മൂല്യങ്ങളെ അട്ടിമറിക്കുന്ന നടപടിയാണ്.
രാജ്യ സുരക്ഷയുടെ പേരില്‍ ഭരണകൂട ഭാഷ്യങ്ങളെ അതേപടി അംഗീകരിക്കുന്ന സംവിധാനങ്ങള്‍ ആണ് നമ്മുടെ മുന്നിലുള്ള യാഥാര്‍ഥ്യം.ഇന്ന് മീഡിയ വണ്ണിന് നേരെയുള്ള വിലക്ക് നാളെ മറ്റേതു വാര്‍ത്താ മാധ്യമത്തിനു നേരെയും ഉണ്ടായേക്കാം.
സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനത്തിന് ഏറെ ഭീഷണിയാണ് ഭരണകൂടത്തിന്റെ ഇത്തരം നടപടികള്‍.ഭരണഘടന ഉറപ്പു നല്‍കുന്ന സകല അവകാശങ്ങളെയും കാറ്റില്‍ പറത്തി തങ്ങളുടെ വര്‍ഗീയ അജണ്ടകളെ നടപ്പിലാക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങളെ വിദ്യാര്‍ത്ഥികള്‍ എന്ത് വില കൊടുത്തും ചെറുക്കണമെന്നും പരിപാടി ആവശ്യപ്പെട്ടു.
നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ എന്നും മീഡിയ വണ്ണിനൊപ്പം നിലയുറപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റങ്ങളെ വിദ്യാര്‍ത്ഥികള്‍ തെരുവില്‍ ശക്തമായി ചെറുത്ത് തോല്‍പ്പിക്കുമെന്നും പരിപാടി പ്രഖ്യാപിച്ചു.നഈം ഗഫൂര്‍, ലുലു മര്‍ജാന്‍, താഹ ഫസല്‍, ഫര്‍ഹ, അഡ്വ. അബ്ദുല്‍ വാഹിദ്, അന്‍വര്‍ കോട്ടപ്പള്ളി, മുനീബ് എലങ്കമല്‍ എന്നിവര്‍ സംസാരിച്ചു.