ന്യൂഡല്‍ഹി: വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ജന്തർ മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച് ഒളിംബിക്‌സ് അസോസിയേഷന്‍ അദ്ധ്യക്ഷ പി ടി ഉഷ. ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കിയെന്നും പ്രതിഷേധം അച്ചടക്കമില്ലായ്മയാണെന്നുമായിരുന്നു പിടി ഉഷയുടെ വിമർശനം.
താരങ്ങള്‍ നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ പരിശോധിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ കാത്തുനില്‍ക്കാത്തതിനെതിരെയായിരുന്നു പിടി ഉഷ വിമര്‍ശിച്ചത്.
താരങ്ങൾ തെരുവിൽ പ്രതിഷേധിക്കരുതായിരുന്നു. കമ്മിറ്റിയുടെ റിപ്പോർട്ടിന് വേണ്ടിയെങ്കിലും കാത്തിരിക്കണമായിരുന്നു. ചെയ്തത് കളിയ്ക്കും രാജ്യത്തിനും നല്ലതല്ല. ഇത് നിഷേധാത്മക സമീപനമാണ്. ഉഷ പറഞ്ഞിരുന്നു. പിന്തുണയ്ക്കേണ്ട പിടി ഉഷയുടെ വാക്കുകൾ വേദനിപ്പിച്ചുവെന്ന് ഗുസ്തി താരങ്ങളും അറിയിച്ചിരുന്നു.
പി ടി ഉഷയുടെ വാക്കുകളിൽ ഞങ്ങൾക്ക് വേദന തോന്നുന്നുണ്ട്. സ്വയം ഒരു സ്ത്രീയായിട്ടും അവർ ഞങ്ങളെ പിന്തുണയ്ക്കുന്നില്ല. ഞങ്ങൾ എന്ത് അച്ചടക്കമില്ലായ്മയാണ് ചെയ്തത്? ഞങ്ങൾ ഇവിടെ സമാധാനമായി ഇരിക്കുകയാണ്. ഞങ്ങൾക്ക് നീതി ലഭിച്ചിരുന്നെങ്കിൽ ഞങ്ങൾ ഇത് ചെയ്യുമായിരുന്നില്ല’, ഗുസ്തി താരം സാക്ഷി മാലിക് പറഞ്ഞു. വിഷയം ചർച്ച ചെയ്യുന്നതിനായി പിടി ഉഷയെ വിളിച്ചിരുന്നുവെന്നും മറുപടിയൊന്നും നൽകിയിരുന്നില്ലെന്നും ഗുസ്തി താരം വനേഷ് ഫോഗട്ട് പറഞ്ഞിരുന്നു.