കൊച്ചി :അധികാര കേന്ദ്രങ്ങളിലെ ആർ.എസ്.എസ് വൽക്കരണത്തിനെതിരെ കൊച്ചിയിൽ നാളെ ബഹുജന മാർച്ച്. മാർച്ചിൽ പങ്കെടുക്കാൻ സ്വാമി അഗ്നിവേശ് ഇന്ന് കേരളത്തിൽ എത്തും. ദേശീയ തലത്തിൽ തന്നെ നരേന്ദ്ര മോദിയുടെയും സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും കടുത്ത വിമർശകരിൽ പ്രധാനിയാണ് സ്വാമി അഗ്നിവേശ്. മുൻ ക്യാബിനറ്റ് മന്ത്രിയാണ്. തൃപ്പൂണിത്തുറ നിർബന്ധിത ഘർ വാപ്പസി പീഡന കേന്ദ്രം പൂർണ്ണമായും അടച്ചു പൂട്ടുക, പോലീസ് മുഖം നോക്കാതെ നടപടി എടുക്കുക, മത സ്വാതന്ത്ര്യവും സ്ത്രീ സുരക്ഷയും ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അനൂപ് വി.ആർ കൺവീനർ ആയ ‘പീപ്പിൾസ് പ്ലാറ്റ് ഫോ എഗനിസ്റ് ആർ.എസ്.എസ് അട്രോസിറ്റീസ്’ എന്ന ആക്ഷൻ കൗൺസിൽ ആണ് തൃപ്പൂണിത്തുറ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നത്.
രാത്രിയോടെ കൊച്ചി അന്താരാഷ്‌ട്ര വിമാനതാവളത്തിൽ എത്തുന്ന സ്വാമി കൊച്ചിയിലെ പരിപാടിക്ക് ശേഷം ഉച്ചയോടെ ഡൽഹിക്ക് മടങ്ങും.
ആർ.എസ്.എസ് ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി ആണെന്നത്തിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് ഹാദിയക്ക് നേരെയുള്ള മനുഷ്യാവകാശലംഘങ്ങളും തൃപ്പൂണിത്തുറയിലെ പീഡന കേന്ദ്രവുമെന്ന് മാർച്ചിന് മുന്നോടിയായി അനൂപ് മോഹൻ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഷെഫീക്ക് തമ്മനം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.