പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍: പ്രമുഖര്‍ കുടുങ്ങും; അന്വേഷണത്തിനായി ഉന്നതസംഘം തിരിച്ചു

തിരുവനന്തപുരം: പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് ആഡംബര കാറുടമകള്‍ നികുതി വെട്ടിക്കുന്നെന്ന വാര്‍ത്തയ്ക്ക് പിന്നാലെ അന്വേഷണവുമായി ഉദ്യോഗസ്ഥ സംഘം. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അസി. സെക്രട്ടറി പി.എസ്.സന്തോഷ്, ജോയിന്റ് ആര്‍ടിഒ: ബൈജു ജയിംസ്, എറണാകുളത്തെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്കുമാര്‍, ജോര്‍ജ് എന്നിവരാണു വിശദമായ അന്വേഷണത്തിനായി പുതുച്ചേരിയിലേയ്ക്ക് തിരിച്ചത്.

കേരളത്തില്‍നിന്ന് 1178 കാറുകള്‍ വാങ്ങി പുതുച്ചേരിയില്‍ കൊണ്ടുപോയി റജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ചെന്നു കണ്ടെത്തിയിട്ടുണ്ട്. കാറുകള്‍ റജിസ്റ്റര്‍ ചെയ്ത വിലാസത്തെക്കുറിച്ചു സംഘം അന്വേഷിക്കും. വ്യാജവിലാസത്തിലാണു റജിസ്റ്റര്‍ ചെയ്തതെന്നാണു നിഗമനം. അതു സ്ഥിരീകരിക്കാന്‍ വേണ്ടിയാണു പരിശോധന. ഒപ്പം പുതുച്ചേരി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, കമ്മിഷണര്‍ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതുച്ചേരിയില്‍ കാറുകള്‍ റജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ചതിനുള്ള നോട്ടിസിനു തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ നടന്‍ സുരേഷ് ഗോപി എംപി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസിനു പരാതിനല്‍കും. കഴിഞ്ഞദിവസമാണു മോട്ടോര്‍വാഹന വകുപ്പ് നോട്ടിസ് അയച്ചത്. റവന്യു റിക്കവറി പ്രകാരം നികുതി ഈടാക്കാനാണു പൊലീസിനു പരാതിനല്‍കി കേസ് റജിസ്റ്റര്‍ ചെയ്യിക്കുന്നത്.

തൃശൂര്‍ന്മ ഒന്നരക്കോടി രൂപയുടെ കാറിന്റെ റജിസ്‌ട്രേഷന്‍ പുതുച്ചേരിയില്‍ നടത്തി മുഹമ്മദ് നിഷാം വെട്ടിച്ചത് 25 ലക്ഷം രൂപ. ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന നിഷാം അടക്കം 10 ആഡംബര വാഹനമുടമകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസയച്ചു.

ആകെ രണ്ടുകോടിയോളം രൂപ നികുതി വെട്ടിച്ചിട്ടുണ്ടെന്നാണു കണക്ക്. ഉടന്‍ നികുതിയടച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കി ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ഷാജി ജോസഫിന്റെ നേതൃത്വത്തിലാണു നോട്ടിസ് നല്‍കിയത്. പത്തിലേറെ ആഡംബരക്കാറുകള്‍ സ്വന്തമായുള്ള നിഷാമിന്റെ ഇറക്കുമതി ചെയ്ത പോര്‍ഷെ കാറാണു പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തത്.

കുറഞ്ഞതു 15 ലക്ഷം രൂപയെങ്കിലും വെട്ടിച്ചതിന്റെ പേരിലാണു മറ്റ് ഒന്‍പതു കാറുടമകള്‍ക്കു നോട്ടിസ് നല്‍കിയത്. പുതുച്ചേരി റജിസ്‌ട്രേഷനില്‍ ആഡംബര വാഹനങ്ങള്‍ ഓടുന്നതായി കണ്ടെത്തിയാല്‍ ആര്‍ടിഒയെ വിവരമറിയിക്കണമെന്നു മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Top