വ്യാജവിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടയാന്‍ പുതുച്ചേരി ഭരണകൂടം; അന്വേഷണത്തില്‍ കുടുങ്ങിയ വമ്പന്‍മാരില്‍ സുരേഷ്‌ഗോപിയും

പുതുച്ചേരി: വ്യാജമേൽവിലാസത്തിൽ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സംഭവത്തില്‍ പുതുച്ചേരി ഭരണകൂടം നേരിട്ട് ഇടപെടുന്നു. മതിയായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കി. നികുതിയിളവിന്റെ ആനുകൂല്യം മുതലെടുത്ത് അയല്‍സംസ്ഥാനക്കാര്‍ വന്‍വെട്ടിപ്പ് നടത്തുന്നത് വ്യാപകമായതോടെയാണിത്. പുതുച്ചേരിയിലെ അഞ്ച് ആര്‍.ടി.ഒകള്‍ക്ക് കീഴില്‍ വരുന്ന സ്ഥിര താമസക്കാര്‍ക്കു മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാവൂ എന്നാണ് ലഫ്. ഗവര്‍ണറുടെ നിര്‍ദേശം. മേല്‍വിലാസം യഥാര്‍ത്ഥ ഉടമ അറിയാതെ ഉപയോഗിക്കുന്നത് പരിശോധിക്കണമെന്നും കിരണ്‍ ബേദി ആവശ്യപ്പെട്ടു. കാടിയേരി ബാലകൃഷ്ണന്റെ മിനി കൂപ്പര്‍ വിവാദമാണ് ഇതിലേക്ക് വഴിയൊരുക്കിയത്. ഇനി പുതുച്ചേരിക്കാര്‍ക്ക് മാത്രമേ പോണ്ടിച്ചേരിയില്‍ രജിസ്ട്രേഷന്‍ നല്‍കൂ.

വ്യാജ വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നികുതിവെട്ടിപ്പ് നടത്തുന്നത് തടയാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതോടെയാണ് ഇത്. മതിയായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുത്, പുതുച്ചേരിയിലെ അഞ്ച് ആര്‍ടി ഓഫിസുകള്‍ക്കു കീഴില്‍ വരുന്ന സ്ഥിര താമസക്കാര്‍ക്കു മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കൊടുക്കാവൂ തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കിരണ്‍ ബേദി മുന്നോട്ട് വച്ചിരിക്കുന്നത്. ഇത് കര്‍ശനമായി നടപ്പാക്കിയാല്‍ ഇനി കള്ളക്കളി നടക്കില്ല. അതിനിടെ പുതുച്ചേരി അടക്കമുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ പ്രചാരണപരിപാടി നടത്താന്‍ കേരളത്തില്‍ ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള വാഹനങ്ങളുടെ പട്ടിക തയാറാക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ചൊവ്വാഴ്ച മുതല്‍ ഉടമസ്ഥര്‍ക്കു നോട്ടിസ് നല്‍കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തട്ടിപ്പ് നടത്തുന്നവരില്‍ കൂടുതലും പ്രശസ്തരാണെന്നാണു കേരളത്തിലെ ഗതാഗത വകുപ്പിന്റെ കണ്ടെത്തല്‍. എത്ര ഉന്നതരായാലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന നിര്‍ദ്ദേശമാണ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്നത്. സിനിമാ താരവും എംപിയുമായ സുരേഷ് ഗോപിയുടെ കാറും പോണ്ടിച്ചേരി രജിസ്ട്രേഷനാണ്. സിനിമാ താരങ്ങളുടെ കാറും നികുതി വെട്ടിപ്പിന്റെ സാധ്യതകള്‍ തേടുന്നവയാണ്. ഇവര്‍ക്കെല്ലാം നോട്ടീസ് നല്‍കും. അമലാ പോളും ഫഹദ് ഫാസിലും സംശയ നിഴലിലാണ്. അങ്ങനെ കോടിയേരിയുടെ യാത്രയ്ക്കിടെയുണ്ടായ വിവാദം ഗുണകരമാക്കി മാറ്റാനാണ് കേരളത്തിലെ ഗതാഗത വകുപ്പിന്റെ തീരുമാനം.
വാഹന വില അടിസ്ഥാനമാക്കിയാണു കേരളത്തില്‍ നികുതി ഈടാക്കുന്നത്. അഞ്ചുലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് വിലയുടെ ആറു ശതമാനമാണ് നികുതി. അഞ്ചുലക്ഷം മുതല്‍ പത്തുലക്ഷം വരെ വിലയുള്ള വാഹനത്തിന് വിലയുടെ എട്ടുശതമാനവും പത്തുമുതല്‍ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനവും 15 മുതല്‍ 20 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 15 ശതമാനവുമാണ് നികുതി. 20 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് 20 ശതമാനവും.

ഇതര സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും റജിസ്ട്രേഷന്‍ നടത്തി നികുതി വെട്ടിച്ചു സംസ്ഥാനത്തോടുന്നതു രണ്ടായിരത്തിലേറെ ആഡംബര കാറുകറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നടി അമലാ പോളിന്റെ കാര്‍ വ്യാജ മേല്‍വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ച സംഭവവും പിന്നീടു പുറത്തുവന്നു. 2013ല്‍ ഇത്തരം വാഹനങ്ങളുടെ കണക്കെടുക്കാനും ഉടമകളെ കണ്ടെത്താനും അന്നത്തെ ഗതാഗത കമ്മിഷണര്‍ ഋഷിരാജ് സിങ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ കള്ളത്തരം കാട്ടുന്നവരുടെ സ്വാധീനം കാരണം ഒന്നും നടന്നില്ല. കേരളത്തില്‍ സ്ഥിരമായി കാണുന്ന അന്‍പതിലേറെ ആഡംബര കാറുകളുടെ വിലാസം കണ്ടെത്താനായിരുന്നു ശ്രമം. പരിശോധനയില്‍ മിക്ക വിലാസവും വ്യാജമെന്നു കണ്ടെത്തി. പോണ്ടിച്ചേരിയിലെ പല മേല്‍വിലാസക്കാരും അറിയാതെയാണു മുന്തിയ ഇനം കാറുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഓട്ടോ പോലും കയറാന്‍ വഴിയില്ലാത്ത ചെറു വീടുകളുടെ പേരിലും ബെന്‍സും ബിഎംഡബ്ല്യുവുമുണ്ട്.

സിനിമാ താരങ്ങള്‍, ബിസിനസുകാര്‍, ബാറുടമകള്‍, വിദേശ മലയാളികള്‍, രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍ തുടങ്ങിയവരുടെ വാഹനങ്ങളായിരുന്നു ഇവ. ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും നഷ്ടമായ നികുതിയും പിഴയും ഈടാക്കണമെന്നും ഋഷിരാജ് സിങ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. വൈകാതെ സിങ് കമ്മിഷണര്‍ സ്ഥാനത്തുനിന്നു മാറ്റി. ഇതോടെ നടപടിയും തീര്‍ന്നു. 20 ലക്ഷത്തിനു മീതെ വരുന്ന വാഹനങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപയാണു പോണ്ടിച്ചേരിയിലും മാഹിയിലും ഒറ്റത്തവണ റോഡ് നികുതി. കേരളത്തില്‍ വാഹനവിലയുടെ 20 % നികുതി നല്‍കണം. ഒരു കോടി രൂപ വിലയുള്ള കാറിനു കേരളത്തില്‍ 20 ലക്ഷം രൂപ നികുതിയാകും. അവിടെ ഏതെങ്കിലും വിലാസത്തില്‍ സ്ഥിര താമസമാണെന്നു നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മാത്രം നല്‍കിയാല്‍ മതി റജിസ്ട്രേഷന്‍ നടത്താം. അതിനെല്ലാം ഏജന്റുമാരുണ്ട്.

അതിനിടെ നികുതി വെട്ടിച്ച് ആഡംബര വാഹനം ഉപയോഗിക്കുന്നതിന് കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍, നടി അമലാ പോള്‍ എന്നിവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കി. കോഴിക്കോട്ടെയും കൊച്ചിയിലെയും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചിട്ടുള്ളത്. ഏഴുദിവസത്തിനകം രേഖകള്‍ സഹിതം ഹിയറിങ്ങിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇരുവരും പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ ലക്ഷക്കണക്കിന് രൂപ നികുതി വെട്ടിച്ചതായി കണ്ടെത്തിയിരുന്നു.

കാരാട്ട് ഫൈസല്‍ തന്റെ മിനി കൂപ്പര്‍ കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ 10 ലക്ഷം നികുതി വെട്ടിച്ചുവെന്നാണ് ആരോപണം. അമലാപോള്‍ ബെന്‍സ് എസ് ക്ലാസ് കാറാണ് നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഒരുകോടി പന്ത്രണ്ട് ലക്ഷം വിലമതിക്കുന്ന കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാനത്തിന് 20 ലക്ഷമാണ് നികുതിയിനത്തില്‍ നഷ്ടപ്പെട്ടത്. നടന്‍ ഫഹദ് ഫാസിലും പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 70 ലക്ഷം വിലമതിക്കുന്ന ബെന്‍സ് ഇ ക്ലാസ് കാറാണ് ഫഹദിന്റേത്. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതുവഴി 14 ലക്ഷമാണ് താരം വെട്ടിച്ചിരിക്കുന്നത്.

Top