കൊച്ചി: പോലീസ് വ്യാജകഥകളുണ്ടാക്കുന്നുവെന്ന് സ്ഥിരീകരിച്ച് പള്‍സര്‍ സുനി.താനെന്തുപറഞ്ഞിട്ടും കാര്യമില്ലെന്നും പോലീസ് പറയുന്നതനുസരിച്ചല്ലേ കാര്യങ്ങള്‍ നടക്കൂവെന്ന് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. കോടതിയില്‍ നിന്ന് പോലീസ് കസ്റ്റഡില്‍ കൊണ്ടുപോകുന്നതിനിടയ്ക്കാണ് സുനിമാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്. നടിയുമായി തനിയ്ക്ക് വ്യക്തിപരമായ ശത്രുതയില്ല. നടിയെ ആക്രമിച്ച കേസിലേയ്ക്ക് അനാവശ്യമായി ആളുകളെ വലിച്ചിഴച്ച് ബുദ്ധിമുട്ടിക്കരുതെന്നും സുനി പറഞ്ഞു.
ബുദ്ധിമുട്ടിക്കുന്നത് സിനിമാക്കാരെയാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു മറുപടി. നടിയോട് വ്യക്തിവൈരാഗ്യമില്ല. സംഭവത്തിന് പിന്നില്‍ ക്വട്ടേഷനാണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പള്‍സര്‍ സുനി പറഞ്ഞു. താന്‍ എന്തു പറഞ്ഞാലും പൊലീസ് പറയുന്നത് അനുസരിച്ച് അല്ലേ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും സുനി പ്രതികരിച്ചു.
അതിനിടെ കേസില്‍ നിര്‍ണായക തെളിവാകേണ്ട,നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൂന്ന് റസിഡന്‍സ് ഏരിയകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വീണ്ടും പരിശോധിച്ചുവരികയാണ്.
മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് കൃത്യമായ ഉത്തരം സുനി ഇതുവരെ നല്‍കിയിട്ടില്ല. കോടതിയില്‍ കീഴടങ്ങാന്‍ എത്തുന്നതിന് മുന്‍പ് മൊബൈല്‍ വെണ്ണലയില്‍ അഴുക്കുചാലില്‍ ഉപേക്ഷിച്ചെന്നാണ് സുനി മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് ഇവിടെ തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.