കുന്നംകുളം ∙ നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പെരുമ്പാവൂർ നെടുവേലിക്കുടി സ്വദേശി സുനിൽ കുമാറിനെ (പൾസർ സുനി) മറ്റൊരു കേസുമായി ബന്ധപ്പെട്ടു കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോവുന്ന വഴി പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു.സുനിലിന്റെ കാവലിനു ജീപ്പിലുണ്ടായിരുന്ന എആർ ക്യാംപിലെ പൊലീസുകാരൻ ഗിരീഷിന് (24) പരുക്കേറ്റു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗിരീഷിനു ചികിൽസ നൽകി വിട്ടയച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. സുനിയെ കുന്നംകുളം പൊലീസ് റജിസ്റ്റർ ചെയ്ത വഞ്ചനാ കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം.
എസ്ഐ അടക്കം നാലു പൊലീസുകാർ സുനിക്കൊപ്പം ജീപ്പിൽ ഉണ്ടായിരുന്നു. കുന്നംകുളം മജിസ്ട്രേട്ട് അവധിയിലായതിനാൽ ചാവക്കാട് കോടതിയിലേക്കാണ് ഇയാളെ കൊണ്ടുപോയിരുന്നത്. തൃശൂർ ഭാഗത്തുനിന്നു വന്ന ജീപ്പ് ടൗണിനടുത്തു തലക്കോട്ടുക്കര ക്ഷേത്രത്തിനു സമീപമാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചയുടനെ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു ചെരിഞ്ഞു.
ഉടൻ സുനിയെ മറ്റൊരു ഓട്ടോറിക്ഷയിൽ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന ശേഷം ചാവക്കാട് കോടതിയിലേക്കു കൊണ്ടുപോയി. ചൊവ്വന്നൂർ ശങ്കരംതടത്തിൽ ചന്ദ്രന്റെ മകൻ എബിന്റെ ബൈക്ക് തട്ടിയെടുത്തുവെന്ന പരാതിയിൽ സുനിലിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ കുന്നംകുളം കോടതി ഉത്തരവിട്ടിരുന്നു.
2014ലാണു കേസിനാസ്പദമായ സംഭവം. എബിയോട് ഒരാഴ്ചത്തേക്ക് എന്നു പറഞ്ഞു ബൈക്ക് വാങ്ങിയ ശേഷം തിരിച്ചുനൽകിയില്ലെന്നാണു പരാതി. മൂന്നു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങിയ സുനിയെ ഇന്നു തെളിവെടുപ്പിനു കൊണ്ടുപോകും.