പീഡനം ചിത്രീകരിച്ച മൊബൈല്‍ പോലീസിന് തലവേദനയാകുന്നു; സിം കാര്‍ഡ് ഊരിയെടുത്തതായി സംശയം; സുനിയുടെ സ്ത്രീ സുഹൃത്തുക്കളും പോലീസ് നിരീക്ഷണത്തില്‍

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന് പിന്നില്‍ ക്വട്ടേഷന്‍ ഇല്ലെന്ന സുനിയുടെ മൊഴി സംശയത്തോടെയാണ് പോലീസ് കാണുന്നത്. നടിയുടെ മൊഴിയും കൂട്ടു പ്രതികളുടെ മൊഴികളും സംശയത്തിന് ആക്കം കൂട്ടുന്നു. ഒരു സ്ത്രീയുടെ ക്വട്ടേഷനാണിതെന്ന് സുനി പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്. എന്നാല്‍ ഇത് താന്‍ നടിയെ ഭയപ്പെടുത്താന്‍ പറഞ്ഞതാണെന്നാണ് സുനി പറയുന്നത്. സംഭവശേഷം മറ്റാരേയോ വിളിച്ച് കാര്യംനിര്‍വഹിച്ച വിവരം പൊട്ടിച്ചിരിച്ചുകൊണ്ട് സുനി പറഞ്ഞതായും മണികണ്ഠനും പ്രദീപും മൊഴി നല്‍കിയിരുന്നു. ഇതാരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. തന്നൊട് സഹകരിക്കാത്ത പക്ഷം തമ്മനത്തെ ഫ്ലാറ്റില്‍ കൊണ്ടുപോയി പീഡിപ്പിക്കുമെന്നും അവിടെ പത്തിരുപത് പേരുണ്ടാകുമെന്നും മയക്കുമരുന്ന് കുത്തിവെയ്ക്കുമെന്നുമൊക്കെ സുനി നടിയോട് പറഞ്ഞിരുന്നു. ഇതെല്ലാം ഇപ്പോള്‍ സുനി നിഷേധിക്കുകയാണ്.

നടിയുടെ പീഡനം ചിത്രീകരിച്ച മൊബൈല്‍ ലഭിക്കാത്തതും പോലീസിന് തലവേദനയാണ്. ഫോണ്‍ വെള്ളത്തിലെറിഞ്ഞെന്നു പറഞ്ഞ സുനി ചൂണ്ടിക്കാട്ടിയിടത്ത് പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ സുനിയുമായി എത്തിയാണ് തമ്മനത്തിനു സമീപം ഓടയുടെ സ്ലാബുകള്‍ ഇളക്കിമാറ്റി തെരച്ചില്‍ നടത്തിയത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിന്റെ മെമ്മറി കാര്‍ഡ് ഊരിയെടുത്തശേഷം ഫോണ്‍ നശിപ്പിച്ചെന്ന് പോലീസ് സംശയിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുനി ആലപ്പുഴയിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍വച്ച് മൊബൈല്‍ ഫോണിന്റെ മെമ്മറി കാര്‍ഡും സിം കാര്‍ഡും ഊരിയെടുക്കുന്നതു കണ്ടതായി പോലീസിനു മൊഴി ലഭിച്ചിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കേസിലെ നിര്‍ണായക തെളിവാണെന്നിരിക്കെ ഇത് ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്തവിധം നശിപ്പിച്ചുകളയാന്‍ അഭിഭാഷകര്‍ സുനിയെ ഉപദേശിച്ചിരിക്കാമെന്ന് പോലീസ് കരുതുന്നു.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് സുനി സുരക്ഷിതമായി സൂക്ഷിച്ചിരിക്കാനുള്ള സാധ്യതയാണ് പോലീസ് പരിശോധിക്കുന്നത്. സുനിയെ കസ്റ്റഡിയില്‍ ലഭിക്കുമ്പോഴേ ഇതിനായി തെരച്ചില്‍ തുടരാനാകൂ. ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചെന്ന മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടുമില്ല. കസ്റ്റഡിയില്‍ കിട്ടുമ്പോള്‍ ഈ സാധ്യതയിലും വിശദമായ പരിശോധനയുണ്ടാകും.

സംഭവശേഷം ഒരു വീടിന്റെ മതില്‍ചാടി സുനി ഒറ്റയ്ക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. മറ്റ് പ്രതികളെ ഒഴിവാക്കി സുനി ആരെയാണ് കണ്ടതെന്നോ ഇവര്‍ തമ്മിലുള്ള ബന്ധം എന്താണെന്നോ ഇനിയും വ്യക്തമായിട്ടില്ല. ഒരു സുഹൃത്തിനെ കാണാന്‍ പോയതാണെന്നും ഇയാള്‍ മദ്യലഹരിയിലായതിനാല്‍ വിളിച്ചിട്ട് വാതില്‍ തുറന്നില്ലെന്നുമാണ് സുനിയുടെ മൊഴി.

സുനിയുടെ കാമുകിയായ കടവന്ത്രയിലെ വസ്ത്ര സ്ഥാപന ഉടമ ഷൈനി തോമസിനെ കഴിഞ്ഞദിവസം ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ ആലോചനയുണ്ട്. സുനി ഇവര്‍ക്കു ലക്ഷക്കണക്കിനു രൂപ നല്‍കിയിട്ടുണ്ട്. പോലീസിന്റെ അന്വേഷണം ഷൈനിയില്‍ എത്തിയതോടെയാണ് സുനി കീഴടങ്ങാന്‍ തീരുമാനിച്ചത്. മട്ടാഞ്ചേരി ഭാഗത്ത് ഒരു കുട്ടിയുള്ള വീട്ടമ്മയുമായി സുനിക്കുള്ള അടുത്ത ബന്ധവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരുടെയും ഷൈനിയുടെയും ഫോണ്‍ കോളുകള്‍ നിരീക്ഷണത്തിലാണ്.

വാതില്‍ തുറക്കാത്ത സുഹൃത്തിന്റെ വീടിനു മുന്നില്‍ സുനി ഇരുപത് മിനിറ്റോളം ചിലവിട്ടു എന്ന് വിശ്വസിക്കേണ്ടി വരും. ഗാന്ധിനഗര്‍ ഭാഗത്ത് മറ്റൊരു ഫ്ലാറ്റിലും സംഘമെത്തിയതായി സൂചനയുണ്ട്. ഇതു സംബന്ധിച്ചും പോലീസ് മൗനംപാലിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയോടെ പിടികൂടിയ സുനിയെ ഇന്നലെ പുലര്‍ച്ചെ വരെ തുടര്‍ച്ചയായി ചോദ്യംചെയ്തതിനു ശേഷമാണ് തെളിവെടുപ്പിനു കൊണ്ടുപോയത്.

സുനി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷനല്‍കിയ രീതിയും സംശയം ജനിപ്പിക്കുന്നതാണ്. പാസ്പോര്‍ട്ടും മൊബൈല്‍ ഫോണുമടക്കം അഭിഭാഷകന് സുനി കൈമാറിയിരുന്നു. ഇത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണെന്ന സംശയം പോലീസിനുണ്ട്. സുനി കീഴടങ്ങാന്‍ എത്തിയപ്പോഴും അഭിഭാഷകരുടെ പിന്തുണ ഉണ്ടായിരുന്നു. മറ്റാരുടെയെങ്കിലും തുണയില്ലാതെ പോലീസിനെ വെട്ടിച്ചുള്ള ഓട്ടത്തിനിടയില്‍ ഇതെല്ലാം സുനിക്ക് ഏര്‍പ്പാടാക്കാനാവില്ല. നല്ല പരിശീലനം കിട്ടിയ മട്ടിലാണ് സുനി പോലീസിന്റെ ചോദ്യങ്ങളെ നേരിട്ടത്. സുനിയിലും കൂട്ടുപ്രതിയിലും കേസൊതുങ്ങുന്ന മട്ടിലാണിപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.

Top