പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരെ പ്രധാനമന്ത്രി അപമാനിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. പുല്‍വാമ ആക്രമണ വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിം ഷൂട്ടിംഗില്‍ ആയിരുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള ഷൂട്ടില്‍ ആയിരുന്നു അദ്ദേഹം. ഇതു പോലെ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ല. വിവരം അറിഞ്ഞ് നാലു മണിക്കൂര്‍ വരെ ഷൂട്ടിങ്ങ് തുടര്‍ന്നു. ഷൂട്ടിങ്ങ് കഴിഞ്ഞിറങ്ങിയവര്‍ തനിക്ക് ജയ് വിളിച്ചപ്പോള്‍ അവരെ മോദി അഭിവാദ്യം ചെയ്തുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് ആഞ്ഞടിച്ചു.അധികാരദാഹത്താല്‍ മോദി മനുഷ്യത്വം മറന്നു.ജവാന്മാരുടെ ജീവത്യാഗം കൊണ്ട് പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്. ഇതുപോലൊരു പ്രധാനമന്ത്രി ലോകത്തെവിടെയെങ്കിലും ഉണ്ടോയെന്ന് ചോദിച്ച സുര്‍ജേവാല ഇതേപ്പറ്റി ഒന്നും പറയാന്‍ ഇല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോദി കപട ദേശീയ വാദിയാണ്. ചായ കുടിയും കഴിഞ്ഞാണ് മോദി രാം നഗര്‍ ഗസ്റ്റ് ഹൗസ് വിട്ടത്.40 ജവാന്‍മാര്‍ മരിച്ചു കിടന്നപ്പോള്‍ ചായയും ഭക്ഷണവും എങ്ങനെ മോദിയുടെ തൊണ്ടയില്‍ നിന്നിറങ്ങിയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.
പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്റെ ഭൗതിക ശരീരത്തിന് സമീപത്ത് നിന്നുള്ള അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഫോട്ടോയും കേന്ദ്ര സര്‍ക്കാരിനെതിരെ ആയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. സൗദിയുമായുള്ള സംയുക്ത പ്രസ്താവനയില്‍ പാക് പിന്തുണയോടെ ജയ്ഷയും മസൂദ് അസറും പ്രവര്‍ത്തിക്കുന്നുവെന്ന് ഉള്‍പ്പെടുത്താനുള്ള ധൈര്യം മോദിക്ക് ഉണ്ടാകാത്തതെന്തെന്നും കോണ്‍ഗ്രസ് ചോദിച്ചു. തിരിച്ചടിക്ക് പിന്തുണ കൊടുക്കുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെയും മോദിയുടെയും വീഴ്ചകള്‍ ദേശീയ വാദികളായ തങ്ങള്‍ക്ക് ചോദ്യം ചെയ്യാമെന്നും രണ്‍ദീപ് സിങ്ങ് സുര്‍ജേവാല വ്യക്തമാക്കി. പുല്‍വാമ വിഷയത്തില്‍ ബിജെപി രാഷ്ട്രീയം കലര്‍ത്തുന്നുവെന്നും സുര്‍ജേവാല ആരോപിച്ചു.
‘എങ്ങനെയാണ് തീവ്രവാദികള്‍ക്ക് ഇത്രയധികം തോതില്‍ ആര്‍ഡിഎക്‌സും റോക്കറ്റ് ലോഞ്ചറുകളും ലഭിച്ചത്. ആക്രമണം നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് ജെയ്‌ഷെ ഇ മുഹമ്മദ് ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. ഇതേക്കുറിച്ച് എട്ടാം തീയതി തന്നെ ഇന്റലിജന്‍സ് മുന്നറിയിപ്പും ഉണ്ടായിരുന്നു. ഈ മുന്നറിയിപ്പുകള്‍ എന്തുകൊണ്ട് അവഗണിച്ചെന്നും’ സുര്‍ജേവാല ചോദിച്ചു.