സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനിടെ പ്രിയങ്ക ഗാന്ധി ചിരിച്ചതായി സമൂഹമാധ്യമങ്ങള്‍; വിവാദം….

പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിനിടെ പ്രിയങ്ക ഗാന്ധി ചിരിച്ചതായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. രാജ്യം മുഴുവന്‍ സൈനികരെ ഓര്‍ത്ത് വിലപിക്കുമ്പോള്‍ ‘പ്രിയങ്ക ഗാന്ധി പൊട്ടിച്ചിരിക്കുന്നു’ എന്ന വിശേഷണത്തോടെയാണ് വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കഴുകന്‍മാര്‍, രക്തദാഹികള്‍, രാജ്യദ്രോഹികള്‍ തുടങ്ങിയ വിശേഷണങ്ങളുമായി നിരവധിപ്പേര്‍ ഈ ആരോപണം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും പങ്കിടുകയും ചെയ്യുന്നു. പ്രിയങ്കയുടെ വാര്‍ത്താസമ്മേളനത്തിനിടയില്‍ നിന്ന് മുറിച്ചെടുത്ത 11 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ അങ്കുര്‍ സിംഗ് എന്നയാള്‍ ഈ ആരോപണത്തോടൊപ്പം ട്വീറ്റ് ചെയ്തിരുന്നു. ഈ വീഡിയോ മാത്രം ആയിരത്തോളം പേരാണ് പങ്കിട്ടത്.

ഈ വാര്‍ത്ത തയ്യാറാക്കുന്ന സമയത്ത് അര ലക്ഷത്തിലേറെപ്പേര്‍ ഈ ദൃശ്യം കാണുകയും ചെയ്തു. ഇയാളെക്കൂടാതെ മറ്റുപലരും ‘ജവാന്മാര്‍ മരിച്ചുകിടക്കുമ്പോള്‍ പ്രിയങ്കയുടെ ചിരി’ എന്ന കുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചരിപ്പിക്കുന്ന ഈ വീഡിയോയില്‍ ‘ബഹുത് ബഹുത് ധന്യവാദ്’ എന്നുമാത്രമാണ് പ്രിയങ്ക പറയുന്നത്. സ്ലോമോഷനിലാക്കിയ വീഡിയോയില്‍ പ്രിയങ്ക വാര്‍ത്താസമ്മേളനത്തിന് ഒടുവില്‍ നന്ദി പറയുന്ന ഭാഗമാണ് ചുണ്ടുകളുടെ ചലനം തെറ്റിദ്ധരിപ്പിച്ച് ‘പൊട്ടിച്ചിരിക്കുന്നു’ എന്ന വിശേഷണത്തോടെ പ്രചരിപ്പിക്കുന്നത്.

 

ചില രാഷ്ട്രീയ കാര്യങ്ങള്‍ പറയാനാണ് താന്‍ വാര്‍ത്താസമ്മേളനം വിളിച്ചതെന്നും എന്നാല്‍ പുല്‍വാമയിലെ ഭീകരാക്രമണം നടന്ന സാഹചര്യത്തില്‍ രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്ന് പ്രിയങ്ക വാര്‍ത്താസമ്മേളനത്തില്‍ പറയുന്നുണ്ട്. രാജ്യം മുഴുവന്‍ ഒപ്പമുണ്ടെന്നാണ് ആക്രമണത്തില്‍ മരിച്ച ജവാന്‍മാരുടെ കുടുംബങ്ങളോട് പറയാനുള്ളതെന്നും പ്രിയങ്ക പറഞ്ഞു. തുടര്‍ന്ന് ആക്രമണത്തില്‍ മരിച്ച ജവാന്‍മാര്‍ക്കുവേണ്ടി രണ്ടുമിനുട്ട് മൗനം ആചരിക്കാമെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന് ശേഷം നന്ദി പറഞ്ഞ് എഴുന്നേല്‍ക്കുന്ന ഭാഗമാണ് ‘പൊട്ടിച്ചിരി’ എന്ന മട്ടില്‍ സംഘടിതമായി പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വാര്‍ത്താസമ്മേളനത്തിന്റെ ഒരു ഭാഗത്തും പ്രിയങ്ക ചിരിക്കുന്നില്ല.

 https://youtu.be/Ck8D8oX0iYg
Top