ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം 40 സൈനികരുടെ ജീവനെടുത്ത ആക്രമണത്തിന് നേതൃത്വം നല്‍കിയ ആദില്‍ അഹമ്മദ് ധറിന്റെ കൂട്ടാളികളായ ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ജെയ്‌ഷെ കമാന്‍ഡര്‍ കമ്രാനും ഗാസിയും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഇവരാണ് ഭീകരാക്രമണത്തിന് കാറില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചത്. പുല്‍വാമ ഭീകരാക്രമണം ആസൂത്രണം ചെയ്തത് കമ്രാനായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. ഞായറാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
കൊല്ലപ്പെട്ടവരില്‍ ഒരു മേജറും ഉള്‍പ്പെട്ടിട്ടുണ്ട്. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെ സേനയ്ക്കുനേരെ വെടിവെയ്പുണ്ടാവുകയായിരുന്നു. ഇതേതുടര്‍ന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്നായിരുന്നു വിവരം.