കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സിപിഎമ്മിന് സ്ഥാനാര്‍ത്ഥിയായി. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസാണ് മത്സരിക്കുക. ജെയ്ക്ക് പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് സ്വദേശിയാണ്. അതേസമയം, ഏറ്റുമാനൂരില്‍ സിറ്റിങ് എംഎല്‍എ സുരേഷ് കുറുപ്പു തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. കോട്ടയത്ത് റെജി സക്കറിയ ആണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ എതിരാളി. ഉമ്മന്‍ ചാണ്ടിക്കെതിരെ കഴിഞ്ഞ തവണ മത്സരിച്ചത് പുതുപ്പള്ളിയില്‍ നിന്നു തന്നെയുള്ള സുജ സൂസന്‍ ജോര്‍ജായിരുന്നു. 2006ല്‍ അന്ന് എസ്എഫ്‌ഐ നേതാവായിരുന്ന സിന്ധു ജോയ് ആണ് ഉമ്മന്‍ ചാണ്ടിക്കെതിരെ സ്ഥാനാര്‍ഥിയായത്.
ഇറക്കുമതി സ്ഥാനാര്‍ഥികളെ പുതുപ്പള്ളിയില്‍ വേണ്ട എന്ന ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ തന്നെയുള്ള ജെയ്ക്ക് സി. തോമസിന് നറുക്ക് വീണത്. യാക്കോബായ സഭാംഗമായ ജെയ്ക്ക് മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ ഇടവകാംഗമാണ്. ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ക്ക് തുല്യ ശക്തിയുള്ള മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ച വയ്ക്കാന്‍ ജെയ്ക്കിനാവുമെന്നാണ് കണക്കുകൂട്ടല്‍.
മണര്‍കാട് ചിറയില്‍ പരേതനായ എം.ടി. തോമസിന്റെയും അന്നമ തോമസിന്റെയും മകനാണ് ജെയ്ക്ക്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം ഏരിയാ കമ്മിറ്റി അംഗമായ ജെയ്ക്ക് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി കൂടിയാണ്.