തിരുവനന്തപുരം: പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ താന്‍ നല്‍കിയ പരാതികളില്‍ സര്‍ക്കാര്‍ നീതിപൂര്‍വമായ നടപടി സ്വീകരിക്കും എന്നാണ് പ്രതീക്ഷ എന്ന് പിവി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും ഇത് സംബന്ധിച്ച് കൃത്യമായ പരാതി നല്‍കിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ അദ്ദേഹമത് പൊളിറ്റിക്കൽ സെക്രട്ടറിക്ക് കൈമാറുമെന്നും പിന്നീട് ആ പരാതിയിൽ ഒരു ചുക്കും നടക്കില്ലെന്നും പിവി അൻവർ. മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അന്‍വറിന്റെ പ്രതികരണം.
പാർട്ടി പ്രവർത്തകർക്ക് ഇത്തരത്തിൽ ഒരുപാട് അനുഭവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയ പരാതിയിൽ പി ശശിയുടെ പേര് പറഞ്ഞിട്ടില്ലെന്നും എന്നാൽ ഇനി പി ശശിക്കെതിരെ വീണ്ടും ഇരുവർക്കും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തത് സര്‍ക്കാര്‍ തന്റെ ആരോപണങ്ങളില്‍ നടപടി സ്വീകരിക്കും എന്നതിന്റെ ആദ്യ സൂചനയാണ്. നാളെ തൃശൂര്‍ ഡി ഐ ജി മൊഴി നല്‍കും എന്നും അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. തന്റെ പരാതിയില്‍ പറയുന്ന പ്രധാന കാര്യം സ്വര്‍ണക്കള്ളക്കടത്തും പൊലീസിലെ ക്രിമിനലുകളെയും കുറിച്ചാണ് എന്നും അന്‍വര്‍ വ്യക്തമാക്കി.
താൻ നൽകിയ പരാതിയിൽ പി ശശിയുടെ പേരില്ലെന്ന് എംവി ഗോവിന്ദൻ മാഷ് പറഞ്ഞത് ശരിയാണ്. സി.പി.എം പാർലമെൻ്റിറി യോഗം ഇനി അടുത്ത നിയമസഭ യോഗത്തിനു മുൻപ് മാത്രമേ നടക്കൂ. അതുവരെ കാത്തിരിക്കാനാവില്ല എന്നത് കൊണ്ടാണ് താൻ പരസ്യമായി ഇക്കാര്യങ്ങൾ പറഞ്ഞതും ഇരുവർക്കും പരാതി നൽകിയതും. ഈ പോക്ക് പോയാൽ ഇനി താൻ ഉന്നയിച്ച പരാതികളിൽ വനിതാ പൊലീസ് അന്വേഷണ സംഘം തന്നെ വേണമെന്നും പിവി അൻവർ ആവശ്യപ്പെട്ടു.
പൊലീസിനെതിരെ പരാതി അറിയിക്കാനുള്ളവർക്ക് അക്കാര്യം തന്നെ 8304855901 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാം. താൻ നൽകിയ പരാതികൾ അന്വേഷിക്കാൻ പൊലീസിലെ നല്ല ആൺകുട്ടികൾ തന്നെ വരണം. തൻ്റെ പക്കലുള്ള എല്ലാ തെളിവും അന്വേഷണ സംഘത്തിന് നൽകും. നാളെ ഡിഐജി തന്നോട് തെളിവുകളുമായി മൊഴിയെടുക്കാൻ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സ്വാധീനവും ഈ അന്വേഷണത്തിൽ നടക്കില്ലെന്നും പിവി അൻവർ പറഞ്ഞു.
പൊലീസില്‍ പുഴുക്കുത്തുകളുണ്ട്. തൃശൂര്‍ ഡിഐജി നല്ല ഉദ്യോഗസ്ഥന്‍ എന്നാണ് മനസിലാക്കുന്നത്. സത്യസന്ധമായ അന്വേഷണം നടക്കും എന്ന് പ്രതീക്ഷിക്കുന്നു. ഐജി നേരിട്ട് കേസ് അന്വേഷിക്കുന്നത് നല്ല കാര്യമാണ്. കേസ് വഴിതിരിച്ചുവിടാനുള്ള സാധ്യത മുന്‍കൂട്ടി കാണുന്നു,’ എന്നായിരുന്നു അന്‍വര്‍ പറഞ്ഞത്. അതേസമയം പൊലീസിന്റെ ക്രിമിനലിസത്തില്‍ ഇരകളായവര്‍ക്ക് പരാതി അറിയിക്കാനുള്ള വാട്‌സാപ്പ് നമ്പറും അന്‍വര്‍ പുറത്തുവിട്ടു.