മലപ്പുറം: പിവി അൻവർ ബുദ്ധിപൂർവം ആണ് കരുക്കൾ നീക്കുന്നത് . സിപിഎമ്മിന് പ്രതിരോധം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല .എല്‍ ഡി എഫുമായി തെറ്റിപ്പിരിഞ്ഞ സ്വതന്ത്ര എം എല്‍ എ പിവി അന്‍വർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) എന്ന തങ്ങളുടെ സംഘടന തല്‍ക്കാലം ഒരു സാമൂഹ്യ കൂട്ടായ്മ മാത്രമായിട്ടായിരിക്കും പ്രവർത്തിക്കുകയെന്നും രാഷ്ട്രീയ പാർട്ടി അല്ലെന്നുമാണ് പിവി അന്‍വർ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ എംഎല്‍എ സ്ഥാനം അയോഗ്യമാകും. ഈ സാഹചര്യത്തിലാണ് താന്‍ രാഷട്രീയ പാര്‍ട്ടിയല്ല രൂപീകരിക്കുന്നതെന്ന് പി.വി. അന്‍വര്‍ എംഎല്‍എ പ്രഖ്യാപിക്കുന്നത്. ഇരുചക്ര വാഹനങ്ങളുടമകളെ സര്‍ക്കാര്‍ ദ്രോഹിക്കുന്നുവെന്നും ഇവരുടെ കൂട്ടായ്മ അടക്കം തന്റെ ലക്ഷ്യമാണെന്നും അന്‍വര്‍ പറയുന്നു. ഇരുചക്ര വാഹന ഉടമകളെ സഹായിക്കുന്ന തരത്തിലെ പ്രസ്ഥാനം തന്റെ മനസ്സിലുണ്ടെന്നും അന്‍വര്‍ പറയുന്നു.
രാഷ്ട്രീയ പാർട്ടി അല്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും മത്സരിക്കുമെന്നും പിവി അന്‍വർ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള എന്ന പേരിലായിരിക്കുമോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന് വ്യക്തമല്ല. പാർട്ടിയുടെ പ്രഖ്യാപനം മഞ്ചേരിയില്‍ വെച്ചത് സ്വന്തം നാട് അവിടെ ആയതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
എം എല്‍ എ സ്ഥാനം നഷ്ടമായേക്കുമെന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്ക് പോകാതെ പുതിയ സംവിധാനത്തിലേക്ക് പിവി അന്‍വർ കടക്കുന്നതെന്ന് വ്യക്തമാണ്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും അതിന്റെ തലപ്പത്തേക്ക് വരികയും ചെയ്താല്‍ പി വി അന്‍വറിന്റെ എം എല്‍ എ സ്ഥാനം അയോഗ്യത ഭീഷണിയിലാകും.
നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്രനായിട്ടാണ് അന്‍വർ നിലമ്പൂരില്‍ നിന്നും രണ്ട് തവണയും വിജയിച്ചത്. സ്വതന്ത്രനായി വിജയിക്കുന്ന ആളുകളുടെ കാര്യത്തില്‍ കൃത്യമായ ചട്ടവും നിയമവുമുണ്ട്. സ്വതന്ത്ര അംഗങ്ങള്‍ക്ക് മറ്റ് പാർട്ടികള്‍ക്ക് പിന്തുണ നല്‍കാമെങ്കിലും ഇവർ അഞ്ച് വർഷവും സ്വതന്ത്രനായി തന്നെ ഇരിക്കണമെന്നാണ് ചട്ടം വ്യക്തമാക്കുന്നത്. സ്വതന്ത്രർക്ക് ഏതെങ്കിലും പാർട്ടിയില്‍ ചേരാനോ പുതിയ പാർട്ടി രൂപീകരിച്ച് അംഗത്വം എടുക്കാനോ സാധിക്കില്ല. അങ്ങനെ ചെയ്താല്‍ അയോഗ്യ ഭീഷണി നേരിടേണ്ടി വന്നേക്കും. പുതിയ പാർട്ടി രൂപീകരിച്ച് അതിന്റെ ഭാഗമാകുകയാണെങ്കില്‍ നിയമസഭ സ്പീക്കർ ഇത് സംബന്ധിച്ച നോട്ടീസ് അന്‍വറിന് അയക്കും. തുടർന്നായിരിക്കും അയോഗ്യത നടപടികളിലേക്ക് കടക്കുക.
നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ രാജിവെക്കാന്‍ തയ്യാറാണെന്നായിരുന്നു പിവി അന്‍വർ കഴിഞ്ഞ ദിവസം പറഞ്ഞത്. അങ്ങനെയെങ്കില്‍ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ഇത്തരമൊരു സാഹചര്യത്തിലേക്ക് പോകാന്‍ അന്‍വർ തല്‍ക്കാലം ആഗ്രഹിക്കുന്നില്ലെന്നാണ് പുതിയ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം ഡി എം കെയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ പ്രചരണ പ്രവർത്തനങ്ങളും ശക്തമാണ്. നിരവധി നവോത്ഥാന നായകർക്കൊപ്പം ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അർജുന്റേയും ലോറി ഉടമ മനാഫിന്റേയും ചിത്രങ്ങളും പ്രചരണ ബോർഡില്‍ ഇടം പിടിച്ചിട്ടുണ്ട്. മതേതര പ്രതീകമായതിനാലാണ് ഇരുവരുടേയും ചിത്രങ്ങള്‍ ബോർഡില്‍ ഇടം പിടിച്ചതെന്നാണ് അന്‍വർ വ്യക്തമാക്കുന്നത്.