രഹനയെ ജോലിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എന്‍എല്‍ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതില്‍ പ്രതികരണവുമായി രഹ്ന രംഗത്ത്. എന്റെ ജോലി കളയാന്‍ അഹോരാത്രം കഷ്ടപ്പെടുന്ന ചിലര്‍ ഞാന്‍ ജോലി ചെയ്യുന്ന പൊതുമേഖലാ കമ്പനി ആയ ബിഎസ്എന്‍എല്ലിലേക്ക് മെയില്‍ അയക്കുകയും അവരുടെ മാര്‍ക്കറ്റിംഗ് പേജുകളില്‍ പൊങ്കാല ഇടുകയും ചെയ്തു.
എന്റെ പൊന്നു സുഹൃത്തുക്കളെ, ഇന്ത്യന്‍ ഭരണ ഘടന തരുന്ന എല്ലാ മൗലിക അവകാശങ്ങളും ഉള്ള ഇന്‍ഡ്യന്‍ പൗര ആയ എനിക്ക്, ബിഎസ്എന്‍എല്‍ കമ്പനി നിയമങ്ങള്‍ തെറ്റിച്ചാലോ ജോലിയില്‍ എന്തെങ്കിലും ഭംഗം വരുത്തിയലോ മാത്രമേ നടപടി എടുക്കാന്‍ മേലധികരികള്‍ക്ക് കമ്പനി അധികാരം നല്‍കുന്നുള്ളൂ. ശബരിമല ബിഎസ്എന്‍എല്‍ സ്‌പെഷല്‍ ഡ്യൂട്ടിക്ക് പുരുഷന് പോകാമെങ്കില്‍ അടുത്ത തവണ നിയമവും കമ്പനിയും അനുവദിച്ചാല്‍ ഞാനും പോകും.-രഹന ഫേസ്ബുക്കില്‍ കുറിച്ചു.
രഹന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു സുപ്രീം കോടതി ശബരിമല വിഷയത്തില്‍ വിധി പ്രസ്താവിച്ചതോടെ സ്ത്രീ ആയത് കൊണ്ടോ ശരീരികവസ്ഥയുടെ പേരിലോ ഒരാളെ ആരാധനലയത്തില്‍ ആചാരങ്ങളുടെ പേരില്‍ തടയാനാവില്ല എന്ന് സംശയമേതുമില്ലാതെ എല്ലാവര്‍ക്കും മനസിലായിരിക്കുമല്ലോ.
ഈ വിധി വന്നതോടെ തത്വമസി എന്ന അദ്വൈത സിദ്ധാന്തത്തില്‍ ആകൃഷ്ട ആയിരുന്ന ഞാന്‍ ശബരിമലയില്‍ ആചാരനുഷ്ടാനങ്ങളോടെ പോകാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദുര്‍ഗ്ഗാഷ്ടമിക്ക് ആണ് എനിക്ക് ജോലി അവധി ലഭിച്ചതും പോകാന്‍ സൗകര്യം ഒത്തുവന്നതും.
കോടതി വിധി നടപ്പാക്കും യുവതികള്‍ക്ക് മലകയറാന്‍ അവസരം ഒരുക്കും എന്ന സര്‍ക്കാര്‍ പ്രഖ്യാപനം കണ്ടിരുന്ന ഞാന്‍ ശബരിമല സുരക്ഷാ ചുമതല ഉള്ള കളക്ടറേയും പോലീസ് ഉദ്യോഗസ്ഥനെയും വിളിച്ചും മെസേജ് ചെയ്തും ആഗ്രഹം അറിയിക്കുകയും പമ്പയില്‍ എത്തിയാല്‍ അവിടം മുതല്‍ സുരക്ഷ കിട്ടും എന്നു ഉറപ്പിക്കുകയും ചെയ്തു.എന്നിട്ട് വീട്ടില്‍ നിന്നും കെട്ടുനിറച്ചു മാലയിട്ട് പമ്പയില്‍ വെളുപ്പിന് 1.30ഓടെ എത്തുകയും പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. CI ആ സമയത്തു സുരക്ഷ ഒരുക്കാന്‍ ഫോഴ്‌സ് കുറവായതിനാല്‍ രാവിലെ 6മണിവരെ അവിടെ വെയിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അതുകഴിഞ്ഞു ഗണപതി കോവിലില്‍ സ്വന്തം റിസ്‌കില്‍ എത്തിയാല്‍ അവിടെ നിന്ന് പ്രൊട്ടക്ഷന്‍ തരാമെന്ന് പറയുകയും അതിന്‍ പ്രകാരം എത്തിയ എന്നെ സുരക്ഷിത ആയി സന്നിധാനത്തും തിരിച്ചു വീട്ടിലും എത്തിച്ചു. ഫാത്തിമയെന്ന ഒഫീഷ്യല്‍ പേരില്‍ അയ്യപ്പ വേഷത്തില്‍ ദര്‍ശനത്തിന് എത്തിയ എന്നെ ഫെയിസ് ബുക്കില്‍ മോഡലിംഗ് ഫോട്ടൊകളില്‍ മാത്രം കണ്ടുപരിചയമുള്ള പലര്‍ക്കും എന്റെ സുഹൃത്തുക്കള്‍ ആയ ചില ജേര്ണലിസ്റ്റുകള്‍ പറഞ്ഞു കൊടുക്കുന്ന വരെക്കും മനസിലായില്ലായിരുന്നു.
ഇനിയാണ് രസം. പല രാഷ്ട്രീയ പാര്‍ട്ടികളും എന്നെ മറ്റവരുടെ ആള്‍ ആയി ചിത്രീകരിക്കുകയും, സ്വന്തം നിലനില്‍പ്പിനായി തള്ളിപ്പറയുകയും , അവിഹിതങ്ങള്‍ ആരോപിക്കുകയും(ipc497 എല്ലാം കോമഡി ആയില്ലേ ചേട്ടാ) ,എന്റെ അറബി പേര് കാരണം ഭീകരവാദി ആയി ചിത്രീകരിക്കുകയും ,പാര്‍ലമെന്റില്‍ വരെ നഗ്ന സന്യാസികള്‍ കയറി പ്രസംഗിച്ച നമ്മുടെ നാട്ടില്‍ ലിംഗലൈംഗിക ന്യൂനപക്ഷങ്ങളുടെ കഥയും ബോഡി പൊളിറ്റിക്‌സും പറയുന്ന ആര്‍ട്ട് ഫിലിമില്‍ അഭിനയിച്ചത് കൊണ്ടും, സദാചാര ഗുണ്ടായിസത്തിനെതിരെ ഉള്ള പ്രൊട്ടസ്റ്റില്‍ പങ്കെടുത്തത് കൊണ്ടും ,അനീതികള്‍ക്ക് എതിരെയും അവകാശത്തിനായും സംസാരിക്കുന്നത് കൊണ്ടും ശബരിമലയ്ക്ക് കയറ്റാന്‍ കൊള്ളാത്തവള്‍ എന്നുപറഞ്ഞു ചാനല്‍ ചര്‍ച്ചകള്‍ കൊഴുപ്പിച്ചു. സ്വയം ആക്ടിവിസ്റ്റ് ചമയുന്ന കുലസ്ത്രീകള്‍ എന്റെ മൊറാലിറ്റിയെയും രാഷ്ട്രീയത്തെയും സംശയിച്ചും ready to wait എന്നു പറഞ്ഞും ഘോര ഘോരം പോസ്റ്റുകള്‍ എഴുതി തള്ളി. എനിക്കെതിരെ വ്യാജ സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മിച്ചും സംഘപരിവാര്‍ ബന്ധം ആരോപിച്ചും മറ്റു ചിലരും മാധ്യമശ്രദ്ധ അവരിലേക്ക് എത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാമായിരുന്നു :
എന്നിട്ടും അരിശം തീരാത്തതിനാല്‍…
ചിലര്‍ അതുക്കും മേലേക്ക് പോയി മതത്തെ അപമാനിച്ചു എന്നു പറഞ്ഞു ജാമ്യമില്ലാ വകുപ്പുള്ള എന്റെ വിഷയത്തില്‍ നിലനില്‍ക്കാത്ത കേസ് കൊടുത്തു. മറ്റു ചിലര്‍ പണ്ടേ ഞാന്‍ വിട്ട മതത്തില്‍ നിന്ന് എന്നെ പുറത്താക്കി എന്നു പത്രപ്രസ്താവന നടത്തി മുസ്ലീംസ്ത്രീകളുടെ പള്ളിപ്രവേശനത്തിന് ഞാന്‍ മുന്‍കൈ എടുക്കാതിരിക്കാന്‍ അതിബുദ്ധി കാണിച്ചു. അള്ളാഹു അല്ലാതെ വേറെ ദൈവമില്ലെന്നും(ലാ ഇലാഹ ഇല്ലള്ളാ) അള്ളാഹു ആണ് വലിയവന്‍ എന്നും(അല്ലാഹു അക്ബര്‍) 5നേരം മൈക്കും ആകാശത്തേക്ക് വെച്ചു വിളിച്ചു കൂവി മറ്റു മതങ്ങളെ അവഹേളിക്കുന്നവര്‍ ആണ് ഞാന്‍ ഹിന്ദു മത അവഹേളനം നടത്തി എന്ന് പറഞ്ഞു മതമില്ലാത്ത എന്നെ മതത്തില്‍ നിന്ന് പുറത്താക്കിയതായി പ്രസ്താവനയുമായി വന്നത് ??
എന്റെ ജോലി കളയാന്‍ അഹോരാത്രം കഷ്ടപ്പെടുന്ന ചിലര്‍ ഞാന്‍ ജോലി ചെയ്യുന്ന പൊതുമേഖലാ കമ്പനി ആയ ബി.എസ്.എന്‍.എല്ലി ലേക്ക് മെയില്‍ അയക്കുകയും അവരുടെ മാര്‍ക്കറ്റിംഗ് പേജുകളില്‍ പൊങ്കാല ഇടുകയും ചെയ്തു.
എന്റെ പൊന്നു സുഹൃത്തുക്കളെ , ഇന്ത്യന്‍ ഭരണ ഘടന തരുന്ന എല്ലാ മൗലിക അവകാശങ്ങളും ഉള്ള ഇന്‍ഡ്യന്‍ പൗര ആയ എനിക്ക്, bnsl കമ്പനി നിയമങ്ങള്‍ തെറ്റിച്ചാലോ ജോലിയില്‍ എന്തെങ്കിലും ഭംഗം വരുത്തിയലോ മാത്രമേ നടപടി എടുക്കാന്‍ മേലധികരികള്‍ക്ക് കമ്പനി അധികാരം നല്‍കുന്നുള്ളൂ. അല്ലാതെ സുപ്രീം കോടതി വിധി ഉള്ള ഒരു ക്ഷേത്രത്തില്‍ പോയതിന് എന്നെ പണിഷ് ചെയ്യാന്‍ ബോധം ഉള്ള അധികാരികള്‍ നില്‍ക്കില്ല. എന്റെ ജോലിയില്‍ ആരും കുറ്റം പറയും എന്നു ഞാന്‍ കരുതുന്നില്ല കാരണം മാക്സിമം ആത്മാര്‍ത്ഥതയോടെ ഞാന്‍ അത് നിര്‍വഹിക്കാറുണ്ട്. ശബരിമല bnsl സ്‌പെഷല്‍ ഡ്യൂട്ടിക്ക് പുരുഷന് പോകാമെങ്കില്‍ അടുത്ത തവണ നിയമവും കമ്പനിയും അനുവദിച്ചാല്‍ ഞാനും പോകും.