കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ മാപ്പ് ഹണി റോസ് സ്വീകരിക്കണമെന്നും കേസ് പിന്‍വലിക്കാനുള്ള മാന്യത കാണിക്കണമെന്നും താന്‍ അഭ്യര്‍ത്ഥിക്കുന്നതായി രാഹുല്‍ ഈശ്വര്‍ മീഡിയായിൽ പറഞ്ഞു. അതേസമയം രാഹുൽ ഈശ്വറിനു നേരെ നടി ഹണി റോസിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. കഴിഞ്ഞ ദിവസം ഹണി ബോബി ചെമ്മണ്ണൂരിന് എതിരെ നൽകിയ പരാതിയെ കുറിച്ച് നടന്ന ചാനൽ ചർച്ചയിൽ രാഹുൽ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് ഹണി റോസിന്റെ പോസ്റ്റ്.
ഹണിയുടെ വസ്ത്രധാരണം കുറച്ചുകൂടി മാന്യമാകണമെന്ന് തനിക്ക് അഭിപ്രായമുണ്ട്. ഇത് താന്‍ മാത്രമല്ല ഹണി റോസ് ചില വള്‍ഗറായ ആംഗിളുകള്‍ സ്വയം പ്രമോട്ട് ചെയ്യുന്നുവെന്ന് സിനിമാ രംഗത്തുനിന്നുള്ള ഒരു നടിയും ജനങ്ങളും പറയുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടി. ( rahul easwar replay to honey rose)
രാഹുല്‍ ഈശ്വറിനെതിരായ ഹണി റോസിട്ട ഫേസ്ബുക്ക് പോസ്റ്റിനും രാഹുല്‍ മറുപടി പറഞ്ഞു. ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ തന്നെ ഡ്രസ് കോഡുണ്ടെന്നും സിനിമാ തിരക്കുകള്‍ കൊണ്ട് ഹണി വാര്‍ത്തകളൊന്നും ശ്രദ്ധിക്കാത്തതാകാമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വാക്കുകളില്‍ മാത്രമല്ല വസ്ത്രത്തിലും മാന്യമായതും അശ്ലീലമായതുമുണ്ട്. മാന്യമായ വേഷമായ സാരി ടിപ്പ് ടിപ്പ് ബര്‍സാ പാനിയിലെ പോലെ ധരിച്ചാല്‍ പ്രശ്‌നമല്ലേ എന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.
ഏത് വസ്ത്രം ധരിക്കണമെന്ന് ജനങ്ങളല്ലല്ലോ ഹണി റോസല്ലേ തീരുമാനിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ സിവിക് ചന്ദ്രന്റെ കേസില്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നായിരുന്നില്ലേ കോടതിയുടെ നിരീക്ഷണമെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ മറുപടി. ഹണി റോസിന്റെ വസ്ത്രധാരണത്തെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സുകളില്‍ കാണാം. നാളെ ഹണി റോസിന്റെ റേച്ചല്‍ എന്ന സിനിമ ഇറങ്ങാന്‍ പോകുകയാണെന്നും അതിന് ആശംസകള്‍ നേരുന്നതായും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഹണി റോസിനെ തനിക്ക് വലിയ ഇഷ്ടവും ബഹുമാനവുമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഹണി റോസിന്റെ പോസ്റ്റ് :
ശ്രീ രാഹുൽ ഈശ്വർ,
താങ്കളുടെ ഭാഷയുടെ മുകളിൽ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തിൽ ചർച്ച നടക്കുമ്പോൾ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചർച്ചക്ക് പ്രസക്തി ഉള്ളൂ. അതുകൊണ്ടു തന്നെ രാഹുൽ ഉണ്ടെങ്കിൽ ഒരു പക്ഷത്തു അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുൽ നിൽക്കും. ചർച്ചകൾക്ക് രാഹുൽ ഈശ്വർ എന്നും ഒരു മുതൽക്കൂട്ടാണ്. സ്ത്രീകൾ എത വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിർവീര്യം ആക്കും.
പക്ഷെ തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കിൽ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്. എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം.’
അതേസമയം, ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ബോബി ചെമ്മണ്ണൂർ ഇന്നലെ രാത്രി കഴിഞ്ഞത്. മജിസ്ട്രേറ്റിന് മുൻപാകെ രേഖപ്പെടുത്തിയ ഹണി റോസിന്റെ രഹസ്യമൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കുറ്റബോധം ഇല്ലെന്നായിരുന്നു വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ബോബിയുടെ പ്രതികരണം.