ഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീയുടെ യുണൈറ്റഡ് ഇന്ത്യ റാലിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണ. പിന്തുണ വ്യക്തമാക്കി രാഹുല്‍ മമതയ്ക്കു കത്തയച്ചു. മമതയ്ക്കു പിന്തുണ അറിയിക്കുന്നതായും റാലിയിലൂടെ ശക്തമായ സന്ദേശം നല്‍കാന്‍ കഴിയുമെന്നാണു കരുതുന്നതെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
ശരിയായ ദേശീയതയും വികസനവും ജനാധിപത്യം, സാമൂഹിക നീതി, മതനിരപേക്ഷത എന്നീ ആശയങ്ങളില്‍ മാത്രമേ പരിപാലിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവിലാണ് പ്രതിപക്ഷം ഒന്നിക്കുന്നത്. ബിജെപിയും മോദിയും ഈ ആശയങ്ങളെ തകര്‍ക്കാനാണു ശ്രമിക്കുന്നത്. ഐക്യത്തിന്റെ പ്രകടനത്തിനു മമതയ്ക്കു പിന്തുണ അറിയിക്കുന്നെന്നും ഇന്ത്യ ഒന്നാണ് എന്ന സന്ദേശം ഇതിലൂടെ ഉയര്‍ത്താന്‍ കഴിയുമെന്നും രാഹുല്‍ കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചു.
ശനിയാഴ്ചയാണ് മമതയുടെ ഐക്യഭാരത റാലി. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും റാലിയില്‍ പങ്കെടുക്കില്ല എന്നറിയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഭിഷേക് മനു സിംഗ്വിയും പങ്കെടുക്കും. ബിഎസ്പി അധ്യക്ഷ മായാവതിയും റാലിയില്‍ പങ്കെടുക്കില്ല.