ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേരിക്കയിലെ കോളറാഡോയിലെ ആസ്‌പെന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കുന്ന ആഗോളസമ്മേളനത്തില്‍ പങ്കെടുക്കാനാണ് പോയതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ‘വീക്കെന്‍ഡ് വിത്ത് ചാര്‍ളി റോസ്’ എന്ന സമ്മേളനത്തിലാണ് രാഹുല്‍ പങ്കെടുക്കുകയെന്നും പാര്‍ട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.റഷ്യന്‍ പ്രസിഡന്റ് വ്ലൂദിമിര്‍ പുതിന്‍ അടക്കമുള്ളവരെ അഭിമുഖം നടത്തിയ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ചാര്‍ളി റോസാണ് പരിപാടിയുടെ സംഘാടകന്‍. 24 മുതല്‍ 28 വരെ നീണ്ടുനില്‍ക്കുന്നതാണ് സമ്മേളനം. തുടക്കത്തില്‍ സ്വകാര്യ സന്ദര്‍ശനത്തിനാണ് രാഹുല്‍ പോയതെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞത്. പിന്നീടുനല്‍കിയ വിശദീകരണത്തിലാണ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ പോയതെന്ന് ഇദ്ദേഹം വ്യക്തമാക്കിയത്. രാഹുലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് ബി.ജെ.പി. പ്രചരിപ്പിക്കുന്നതെന്ന് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
അതേസമയം, രാഹുലിന്റെ വിദേശസന്ദര്‍ശനത്തെ പരിഹസിച്ച് ബി.ജെ.പി. രംഗത്തെത്തി. ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഹുലിന് നിര്‍ബന്ധിത അവധിനല്‍കി വിദേശത്തേക്ക് അയച്ചിരിക്കയാണെന്ന് ബി.ജെ.പി. പരിഹസിച്ചു.രാഹുലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ വ്യത്യസ്ത വിശദീകരണങ്ങള്‍ ആ പാര്‍ട്ടി ഇക്കാര്യത്തില്‍ നേരിടുന്ന പ്രതിസന്ധിയാണ് കാണിക്കുന്നതെന്നും ബി.ജെ.പി. വക്താവ് സമ്പിത് പത്ര പറഞ്ഞു. കര്‍ഷകപ്രശ്‌നങ്ങളുയര്‍ത്തി രണ്ട് റാലികള്‍ നടത്തിയ രാഹുലിന് കര്‍ഷകരെക്കുറിച്ച് ചിന്തിക്കാന്‍ ഒരു അവധിക്കാലം ആവശ്യമായിവന്നതായും സമ്പിത് പത്ര പരിഹസിച്ചു.
നേരത്തേ രാഹുല്‍ 56 ദിവസം വിദേശത്ത് കഴിഞ്ഞത് രാഷ്ട്രീയകേന്ദ്രങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ആ സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ കോണ്‍ഗ്രസ്സോ രാഹുലോ വ്യക്തമാക്കിയിരുന്നില്ല.