സംസ്ഥാനത്ത് മഴക്കെടുതിയിലും മണ്ണിടിച്ചിലിലും വിവിധ ജില്ലകളിലായി ഇന്ന് ഇതുവരെ ഏഴുമരണം. മലപ്പുറം കൊണ്ടോട്ടിയില്‍ ഒരു കുടുംബത്തിലെ ദമ്പതികളും മകനും ഉള്‍പ്പെടെ മൂന്നുപേരാണ് മണ്ണിടിച്ചിലില്‍ മരിച്ചത്.
മലപ്പുറം കൊണ്ടോട്ടിക്ക് സമീപം കൈതക്കുണ്ട് സ്വദേശികളായ അനീസ്, ഭാര്യ മുനീറ എന്നിവരുടെ വീടിന് മുകളിലേക്ക് ഇന്നലെ രാത്രിയാണ് മഴവെളളപ്പാച്ചിലിനെ തുടര്‍ന്ന് മണ്ണിടിഞ്ഞ് വീണത്. അപകടത്തില്‍ ദമ്പതികളുടെ മൃതദേഹങ്ങള്‍ പുലര്‍ച്ചെ കണ്ടെടുത്തിരുന്നു. ഇവരുടെ ആറുവയസുകാരനായ മകന്‍ ഉബൈദിനായി മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ നടത്തി. തുടര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്.
ഇവരുടെ മറ്റ് രണ്ട് മക്കള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ട് മുറികളുളള വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇതില്‍ അനീസും മുനീറയും ഇളയ കുട്ടിയും കഴിഞ്ഞിരുന്ന മുറിക്ക് മുകളിലേക്കാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മറ്റ് കുട്ടികള്‍ അടുത്ത മുറിയില്‍ ആയതിനാലാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
മൂന്നാറില്‍ പോസ്റ്റ് ഓഫിസിന് സമീപത്തെ ശരവണ ഭവന്‍ ലോഡ്ജ് കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നുവീണ് ജീവനക്കാരന്‍ മരിച്ചു. തമിഴ്നാട് സ്വദേശിയായ മദനാണ് മരിച്ചത്.ലോഡ്ജില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി.
പത്തനംതിട്ട റാന്നിയില്‍ വീട്ടിനുളളില്‍ വെളളം കയറിയതിനെ തുടര്‍ന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു. ചുഴുകുന്നില്‍ ഗ്രേസിയാണ് മരിച്ചത്. ഇടുക്കി ഏലയ്ക്കലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരത്ത് വീടിന്റെ ചുമരിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശിയായ ഗോപാലന്‍(77)ആണ് മരണമടഞ്ഞത്.