
കോഴിക്കോട്: ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത രീതിയിലുള്ള പ്രളയ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസത്തിലാണ്. ക്യാമ്പുകളില്‍ ഒന്നിലും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും കുടിവെള്ളത്തിന്റെയും ക്ഷാമമില്ലെന്ന് റവന്യൂ അധികൃതരും പറയുന്നു. ദുരന്തത്തിന്റെ വ്യാപ്തി പുറത്തറിഞ്ഞതോടെ നാടിന്റെ നാനഭാഗത്തുനിന്നും സഹായങ്ങള്‍ പ്രവഹിക്കുകയാണ്. അവിടെയാണ് സുമനസ്സുകള്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതെന്ന് ‘അന്‍പോടെ കേരളം’ എന്ന ദുരിതാശ്വാസ ക്യാമ്പെയിനിലൊക്കെ പങ്കെടുക്കുന്നവര്‍ പറയുന്നത്.
വസ്ത്രവും ഭക്ഷണത്തിനും കുടിവെള്ളത്തിനും ഇപ്പോള്‍ ക്ഷാമമില്ലെന്നും സാനിട്ടറി നാപ്കിന്‍, അടിവസ്ത്രങ്ങള്‍, ഗ്ലൗസുകള്‍ മാസ്‌ക്കുകള്‍ എന്നിവയൊക്കെയാണ് ആവശ്യമെന്നും അന്‍പോടെ കോഴിക്കോടിന്റെ മുഖ്യപ്രവര്‍ത്തകായ മനിലാമണി പറഞ്ഞു. എല്ലാവരും വസ്ത്രങ്ങളില്‍ മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കാതെ മരുന്നുകള്‍ അടക്കമുള്ള മേഖലകളിലേക്ക് ശ്രദ്ധിച്ചാല്‍ വല്ലാതെ ഗുണം ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്. നിലവില്‍ മരുന്നിന് ക്ഷാമം ഇല്ലെങ്കിലും ഭാവിയില്‍ അത് തടയാന്‍ ജനങ്ങളും സഹകരിക്കണമെന്നാണ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ പറയുന്നത്.