ചെറുതോണിയില്‍ 33 മാധ്യമപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നു

തൊടുപുഴ: ഇടുക്കി ചെറുതോണിയില്‍ 33 മാധ്യമപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നു. മണ്ണിടിഞ്ഞതിനാല്‍ റോഡ് മാര്‍ഗം പുറത്തെത്താന്‍ കഴിയുന്നില്ല. അതേസമയം മൂന്നാർ മേഖലയിൽ കനത്ത മഴ തുടരുകയാണ്.  കട്ടപ്പന, നെടുങ്കണ്ടം, കുമളി, പീരുമേട് എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ തകർന്നു. വാർത്താവിനിമയ ബന്ധങ്ങൾ മുഴുവൻ തകരാറിലായി. ഇടുക്കി പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഭക്ഷ്യധാന്യങ്ങൾക്കും ഇന്ധനത്തിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

ഇടുക്കിയിലേക്കുള്ള ഭാരമേറിയ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതോടെ റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങൾ ഹൈറേഞ്ചിലേക്ക് എത്തിക്കാനാകാത്ത സ്ഥിതിയാണ്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറയുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2402.3 അടിയാണ്. മുല്ലപ്പെരിയാർ മേഖലയിലും മഴയുടെ നേരിയ കുറവുണ്ട്. ജലനിരപ്പ് 141 അടിയാണ്. ചെറുതോണി അണക്കെട്ടിൽനിന്നു തൽക്കാലത്തേക്ക് കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കില്ലെന്നു കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. റോഡുകളെല്ലാം അപകടത്തിലായതിനാൽ ഗതാഗതം പൊലീസ് നിയന്ത്രണത്തിലാണ്. അടിമാലി മേഖലയിലെ പല ഭാഗങ്ങളും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.

Top