തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളില്‍ റെഡ്അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഇടുക്കി, കോട്ടയം ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ടെന്ന് ജാഗ്രത നിര്‍ദേശം നല്‍കികൊണ്ടാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് നടത്താന്‍ പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്ടും മലപ്പുറത്തും കഴിഞ്ഞ 24 മണിക്കൂറില്‍ ലഭിച്ചത് അസാധാരണ മഴയാണ്. മഞ്ചേരിയില്‍ 24 സെ.മീ., നിലമ്പൂര്‍ 21 സെ.മീ., കരിപ്പൂര്‍ 20സെ.മീ മഴ രേഖപ്പെടുത്തി. പ്രദേശവാസികള്‍ അതീവജാഗ്രതപാലിക്കണമെന്നും ആവശ്യമുള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസക്യാപുകള്‍ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്.
താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടി വീടുകള്‍ തകര്‍ന്ന് മൂന്നുകുട്ടികളും ഒരു സ്ത്രീയും മരിച്ചു. മൂന്നുവീടുകളിലെ ഒന്‍പതുപേരെ കാണാതായി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കോഴിക്കോട്ട് അഞ്ചിടത്തും മലപ്പുറത്ത് ഒരുസ്ഥലത്തുമാണ് ഉരുള്‍പൊട്ടിയത്. രക്ഷാപ്രവര്‍ത്തനത്തിനായി കോഴിക്കോട് ജില്ലാ കലക്ടര്‍ ദേശീയദുരന്തനിരവാരണ സേനയുടെ സഹായം തേടി
കരിഞ്ചോലിയില്‍ ഇന്നുപുലര്‍ചെയാണ് ഉരുള്‍പൊട്ടിയത്. കരിഞ്ചോല അബ്ദുല്‍ സലീമിന്റെ മകള്‍ ദില്‍നയും സഹോദരന്‍ മുഹമ്മദ് ഷഹബാസും മരിച്ചു. കരിഞ്ചോലയിലെ താമസക്കാരനായ ജാഫറിന്റെ മകന്‍ ഏഴുവയസുകാരന്റെയും അര്‍മാന്റെ ഭാര്യയുടെയും മൃതദേഹങ്ങളും കണ്ടെത്തി. സലിമിന്റെ മറ്റൊരു മകന്‍ മുഹമ്മദ് ഹമ്മാസ രക്ഷപ്പെട്ടു. സലിമും ഭാര്യയും മകനും മെഡിക്കല്‍ കോളജിലാണ്. അര്‍മാന്‍ അടക്കം ഒന്‍പതുപേരോളം മണ്ണിനടിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സൂചന. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ് . കോഴിക്കോട് കക്കയത്തും താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍, കൂടരഞ്ഞി ഭാഗങ്ങളിലുമാണ് ഉരുള്‍പൊട്ടിയത്.