
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും കെ. മുരളീധരനുമായുള്ള വാക്‌പോര് മുറുകുന്നു. മുരളീധരന്‍ തനിയ്‌ക്കെതിരെ പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടെന്നും അതേപ്പറ്റി ‘കഴുത കാമം കരഞ്ഞുതീര്‍ക്കും’ എന്നുമാത്രമാണ് തനിയ്ക്ക് പറയാനുള്ളതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മുരളീധരന് എതിരെ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചുനില്‍ക്കുന്നതായും ഉണ്ണിത്താന്‍ വ്യക്തമാക്കി. താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന് മുരളീധരന്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ കാലുപിടിക്കാമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി
പിതാവിന്റെ ശ്രദ്ധാദിനം ചടങ്ങിന് നില്‍ക്കാതെ ദുബായില്‍ കോണ്‍ഗ്രസ് വിമതരുടെ ചടങ്ങില്‍ പങ്കെടുക്കാനാണ് മുരളീധരന്‍ പോയതെന്ന് ചിത്രം സഹിതം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. പിതാവിന്റെ ഓര്‍മ്മ ദിനം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ദുബായില്‍ ആഘോഷിക്കുകയാണ് അദ്ദേഹം ചെയ്തത്. തന്നെ കുരയ്ക്കുന്ന നായയോടും അനാശാസ്യക്കാരനോടും പരാമര്‍ശിച്ച മുരളീധരന്റെ നടപടി ‘കഴുത കാമം കരുഞ്ഞുതീര്‍ക്കുന്നത്’ പോലെയാണെന്നും ഉണ്ണിത്താന്‍ വിമര്‍ശിച്ചു.
കഴിഞ്ഞ 48 വര്‍ഷം കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ച തന്നോട് പാര്‍ട്ടി എന്നും അവഗണനയും അനീതിയും മാത്രമാണ് തിരിച്ചുനല്‍കിയത്. കെ.പിസി.സി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മുന്‍ മുഖ്യമന്ത്രിയേയും സംരക്ഷിച്ചു മാത്രമാണ് ഇന്നു വരെ താന്‍ സംസാരിച്ചത്. നാളെ എങ്ങനെ സംസാരിക്കണമെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുരളീധരന് യു.ഡി.എഫിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയാണ് ഇന്നലെ താന്‍ കൊല്ലത്ത് മാധ്യമങ്ങളെ കണ്ടത്. സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്ന ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ ജനപക്ഷ രാഷ്ട്രീയത്തെ കുറിച്ചും പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനത്തെ ശ്ലാഘിച്ചുമാണ് സംസാരിച്ചത്. മുരളീധരന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയാണ് സംസാരിച്ചത്. പുതിയ ഡിസിസി പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ആദ്യം നടന്ന ചടങ്ങായിരുന്നു കരുണാകരന്‍ അനുസ്മരണം. ആന്റണിയും ചെന്നിത്തലയും സംസ്ഥാനത്തെത്തി ചടങ്ങില്‍ പങ്കെടുത്തു.
എന്നാല്‍ കരുണാകരന്റെ ഒരേഒരു മകനായ മുരളീധരന്‍ ഈ ദിവസം ദുബായിരുന്നു. ഒ.ഐ.സി.സിയുടെ വിമത വിഭാഗം നടത്തിയ ചടങ്ങില്‍ പങ്കെടുക്കാന്‍ മുരളീധരന്‍ പിതാവിന്റെ ശ്രാദ്ധ ചടങ്ങ് ഉപേക്ഷിച്ച് ഷാര്‍ജയ്ക്ക് പോയത്. ഒ.ഐ.സി.സിയില്‍ തെറ്റിപ്പിരിഞ്ഞ വിമതന്മാര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി പിടിച്ചെടുത്ത ഭരണസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. പിണറായി വിജയനൊപ്പം വേദി പങ്കിടാനാണ് പോയത്. പിതാവിന്റെ ശ്രാദ്ധദിനത്തില്‍ പിണറായിക്കൊപ്പം ആഘോഷിക്കാന്‍ പോയ മുരളീധരന്‍ കരുണാകരന്റെ പേരിലുള്ള ഒരു സാംസ്‌കാരി സമിതിയുടെ യോഗത്തില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി പ്രസിഡന്റിനേയും അവഹേളിച്ചു സംസാരിച്ചു. സ്വഭാവികമായി ഒരു കോണ്‍ഗ്രസുകാരന്റെ രക്തം സിരകളില്‍ ഒഴുകുന്ന തനിക്ക് വികാരം അണപ്പൊട്ടി.
മുരളീധരനെതിരെ താന്‍ പറഞ്ഞത് ഒരിക്കലും മാറ്റിപ്പറയില്ല. പാര്‍ട്ടിയിലെ നേതാക്കളെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചാല്‍ താന്‍ മറുപടി നല്‍കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഒരിക്കലും കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. ആരൊക്കെയാണ് സാദാചാര വിരുദ്ധ പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തിയതെന്ന് എല്ലാവര്‍ക്കും അറിയാം.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ഭാര്യയേയും മകനേയും മകളേയും എല്‍.ഡി.എഫ് അപമാനിച്ചു. കോണ്‍ഗ്രസിനെ ആര്‍ക്കും മറുപടിയുണ്ടായിരുന്നില്ല. എന്നാല്‍ കാഞ്ഞങ്ങാട് വച്ച് താന്‍ കോടിയേരി ബാലകൃഷ്ണന് മറുപടി നല്‍കി. തിരിച്ച് തിരുവനന്തപുരത്ത് ട്രെയിനിറങ്ങിയ തന്നെ സി.പി.എം പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തു. മുന്‍പ് പിണറായി വിജയനെതിരെ പറഞ്ഞപ്പോള്‍ തന്നെ പെണ്ണുകേസില്‍ കുടുക്കി, കോടിയേരിക്കെതിരെ പറഞ്ഞപ്പോള്‍ കയ്യേറ്റം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ടി എല്ലാം സംസാരിക്കാന്‍ താനേ ഉണ്ടായൂള്ളൂ. താന്‍ ഇറങ്ങിയതോടെയാണ് പല മന്ത്രിമാരും രാജിയില്‍ നിന്ന് രക്ഷപ്പെട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സേവനം പ്രയോജനപ്പെടുത്തി. തന്നെ അതിന് നിയോഗിച്ചു. തന്റെ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടിയല്ല, കോണ്‍ഗ്രസിനു വേണ്ടിയാണ് തല്ലുകൊണ്ടത്.
കഴിഞ്ഞ 48 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം തുറന്ന പുസ്തകമാണ്. സംശുദ്ധമായ രാഷ്ട്രീയ ജീവിതമാണ്. പതിനാല് ജില്ലയിലെയും പ്രവര്‍ത്തകരില്‍ ഒരാളെങ്കിലും മറിച്ച് പറഞ്ഞാല്‍ അന്ന് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. മുരളീധരനെതിരെ വ്യക്തിപരമായി താന്‍ ഒന്നും പറഞ്ഞില്ല. പിതാവ് മരിച്ച ദിവസം മറന്നുപോയതാണോ അതോ ഇനി പിതാവില്‍ നിന്ന് ഒന്നും കിട്ടാനില്ലെന്നു അറിയാവുന്നതുകൊണ്ടാണോ അദ്ദേഹം ചടങ്ങിനെത്താതിരുന്നത്.
സോണിയ ഗാന്ധി മാദാമ്മ ഗാന്ധിയെന്നും അഹമ്മദ് പട്ടേലിനെ അലുമിനയം പട്ടേലെന്നും വിളിച്ചത്. മുരളീധരനാണ്. അച്ഛന് കൊള്ളിയ്ക്കാന്‍ താന്‍ വരില്ലെന്ന് പറഞ്ഞയാളാണ്. ആന്റണിയെ മുക്കാലിയില്‍ കെട്ടി അടിക്കണം എന്നും ആക്ഷേപിച്ചു. എന്നിങ്ങനെയൊക്കെ പറഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞാല്‍ കാലില്‍ പിടിച്ച് മാപ്പുപറയാം. തനിക്കെതിരെ മുരളീധരന്‍ പറഞ്ഞത് താന്‍ കേട്ടു. അതിനെല്ലാം ‘കഴുത കാമം കരഞ്ഞുതീര്‍ക്കുന്നു’ എന്നു മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും രാജ്‌മോഹന്‍ പറഞ്ഞു.
പാര്‍ട്ടിക്കു വേണ്ടി ഇത്രയും കാലം പ്രവര്‍ത്തിച്ച തനിക്ക് ഒരു ഉറച്ച സീറ്റ് നല്‍കാന്‍ പോലും കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ ഒരു സദാചാരം സംരക്ഷിക്കാന്‍ താന്‍ കഴിഞ്ഞു. പാര്‍ട്ടി എത്രമാത്രം തഴഞ്ഞുവെങ്കിലും അനീതി പ്രവര്‍ത്തിച്ചുവെങ്കിലും പാര്‍ട്ടിയെ സ്‌നേഹിച്ചത് പ്രവര്‍ത്തന പരാമ്പര്യം കൊണ്ട് മാത്രമാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു