രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് എല്‍ഡിഎഫ് നേതാക്കള്‍ കലക്ടര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
പരാതിയില്‍ എഡിഎം നടത്തിയ അന്വേഷണത്തില്‍ ചട്ടലംഘനം സ്ഥിരീകരിച്ചിരുന്നു. തുടര്‍നടപടികള്‍ക്കായി അന്വേഷണറിപ്പോര്‍ട്ട് കലക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും.
കഴിഞ്ഞ തിങ്കളാഴ്ച പയ്യന്നൂര്‍ അരവഞ്ചാലിലെ സ്വീകരണ പരിപാടിയിക്കിടെ നടത്തിയ പ്രസംഗമാണ് ഉണ്ണിത്താന് വിനയായത്. പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ടി.വി.രാജേഷ് എം.എല്‍.എ ജില്ലാ വരണാധികാരിയായ കലക്ടര്‍ ഡി.സജിത് ബാബുവിന് പരാതി നല്‍കി. വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ടുള്ളതാണ് പ്രസംഗമെന്നായിരുന്നു പരാതി.
എ ഡി എം സി.ബിജു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ചട്ടലംഘനം നടന്നതായി കണ്ടെത്തി. ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയും എഡിഎമ്മിന്റെ റിപ്പോര്‍ട്ട് ശരിവച്ചു. മതപരമായ കാര്യങ്ങള്‍ പ്രചാരണത്തില്‍ ഉപയോഗിക്കരുതെന്ന നിബന്ധന ഉണ്ണിത്താന്‍ ലംഘിച്ചതായി രണ്ടു റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നു. ഒപ്പം ശബരിമലവിഷയം തിരഞ്ഞെടുപ്പ് രംഗത്ത് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും പാലിച്ചില്ല.
പരാജയഭീതി കാരണമാണ് എല്‍ഡിഎഫ് തനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്നായിരുന്നു ഉണ്ണിത്താന്റെ ആദ്യപ്രതികരണം. എന്നാല്‍ റിപ്പോര്‍ട്ട് വന്നശേഷം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ സ്ഥാനാര്‍ഥി തയ്യാറായില്ല. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തുടര്‍ നടപടികള്‍ സ്വീകരിക്കും.