മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ കേന്ദ്രം; വീരപ്പനെ കീഴ്‌പ്പെടുത്തിയ സംഘത്തിന് ചുമതല

ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ നടത്തിയ ക്രൂരമായ ആക്രമണത്തിന് മറുപടി നല്‍കാന്‍ കേന്ദ്രം. ഇതിന്റെ ഭാഗമായി മാവോയിസ്റ്റുകള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ സുരക്ഷാ സേനകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായിട്ടാണ് വിവരം. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇതിന്റെ ‘ഫലം’ കണ്ടിരിക്കണമെന്നാണ് നിര്‍ദ്ദേശം. 25 സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിനിടയാക്കിയ സുഖ്മയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം സിആര്‍പിഎഫില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന സുരക്ഷാ ഉപദേഷ്ടാവ് കെ.വിജയകുമാര്‍, സിആര്‍പിഎഫ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ സുദീപ് ലക്ടാകിയ എന്നിവരെയാണ് തിരിച്ചടിക്കുള്ള ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏല്‍പ്പിച്ചിരിക്കുന്നത്. സിആര്‍പിഎഫിന്റെ മുന്‍ മേധാവി കൂടിയായ വിജയകുമാര്‍, 2004ല്‍ കാട്ടുകള്ളന്‍ വീരപ്പനെ കൊലപ്പെടുത്തിയ നടപടിക്കു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനാണ്. 25 സിആര്‍പിഎഫുകാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ പങ്കെടുത്ത മാവോയിസ്റ്റുകള്‍ക്ക് തക്ക തിരിച്ചടി നല്‍കുന്നതുവരെ ഇരുവരോടും ഛത്തീസ്ഗഡില്‍ തുടര്‍ന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടതായാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിആര്‍പിഎഫ് ജവാന്‍മാര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്ന പ്രദേശങ്ങളും ഇവിടുത്തെ സുരക്ഷാ വീഴ്ചകളും കണ്ടെത്താനും, മാവോയിസ്റ്റുകള്‍ക്ക് തിരിച്ചടി നല്‍കി അവരെ പിഴുതെറിയുന്നതിനുള്ള രൂപരേഖ തയ്യാറാക്കാനും രാജ്‌നാഥ് സിങ് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. അടുത്ത രണ്ട് രണ്ടര മാസത്തിനുള്ളില്‍ കൃത്യമായ ഫലം ലഭിച്ചിരിക്കണമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന സുരക്ഷാ വീഴ്ചകളില്‍ ആഭ്യന്തരമന്ത്രി അനിഷ്ടം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. സിആര്‍പിഎഫിന്റെ ആയുധശേഖരവുമായി ബന്ധപ്പെട്ടും, സമയാസമയങ്ങളില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഇന്റലിജന്‍സ് സംവിധാനവുമായി ബന്ധപ്പെട്ടും നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

മാവോയിസ്റ്റുകളെ നേരിടുന്നതിനുള്ള സര്‍ക്കാര്‍ തന്ത്രം പുനഃപരിശോധിക്കുമെന്ന് രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റ് ബാധിത ജില്ലകളുടെ യോഗം മേയ് എട്ടിനു വിളിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളെ നേരിടുന്നതിനു സ്വീകരിച്ചുപോന്ന തന്ത്രങ്ങള്‍ യോഗത്തില്‍ വിലയിരുത്തും. മാവോയിസ്റ്റുകള്‍ ആദിവാസികളെ മറയാക്കി ഉപയോഗിക്കുകയാണെന്നും ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി. ഇന്നലെ രാവിലെ റായ്പുരിലെത്തിയ രാജ്!നാഥ് സിങ് വീരമ്യത്യു വരിച്ച ജവാന്‍മാര്‍ക്ക് അന്ത്യഞ്ജലി അര്‍പ്പിച്ചിരുന്നു.

Top