അട്ടപ്പാടി മലനിരകളില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവയ്പ്

പാലക്കാട്:അട്ടപ്പാടി കടുകുമണ്ണയിലെ ആദിവാസി ഊരില്‍ പൊലീസും മാവോവാദികളും തമ്മില്‍ വെടിവെപ്പ്. തണ്ടര്‍ ബോള്‍ട്ട് പരിശോധന നടത്തുന്നതിനിടെ മാവോവാദികള്‍ വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാവോവാദി സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.പുതൂരിലെ ഗൊട്ടിയാര്‍കണ്ടി ഊരിനു മുകളില്‍ ചെന്താമലയ്ക്കു സമീപമാണ് ഇന്ന് ഉച്ചയ്ക്കു 12 മണിയോടു കൂടി വെടിവയ്പ്പു നടന്നത്. ആര്‍ക്കെങ്കിലും പരുക്കേറ്റതായി അറിവില്ല.

മാവോയിസ്റ്റ് സാന്നിധ്യം അറിഞ്ഞ് പൊലീസും തണ്ടര്‍ബോള്‍ട്ടും അടങ്ങുന്ന സംഘം സിഐയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തിനു ചെന്നപ്പോഴാണു സംഭവം. പുതൂര്‍ പഞ്ചായത്തിലെ പാലൂര്‍ ജംക്‌ഷനില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ഉള്ളിലാണു സംഭവസ്ഥലമെന്നു പറയുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്കു തിരിച്ചു. മൊബൈല്‍ ഫോണിനു റേഞ്ച് ഇല്ലാത്തതിനാല്‍ സംഘത്തിലെ പൊലീസുകാരെ ബന്ധപ്പെടാനാകുന്നില്ല.

Top