കേരളത്തെ മത്ത് പിടിപ്പിക്കാന്‍ ഇനി വിഷക്കൂണും,യുവതലമുറ ”മാജിക് മഷ്‌റൂമില്‍”ലഹരി തേടുന്നു.

കൊച്ചി:യുവതലമുറയെ ലഹരി പിടിപ്പിക്കാന്‍ ഇനി വിഷക്കൂണും.”മാജിക്ക് മഷ്‌റൂം”കേരളത്തിലെ നഗരങ്ങളിലും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്.കൊടൈക്കനാലില്‍ മാത്രം കണ്ടു വരുന്ന ഈ ലഹരി വസ്തു വിദ്യാര്‍ഥികള്‍ മുഖാന്തിരമാണ് കേരളത്തിലെ നഗരങ്ങളില്‍ എത്തിക്കുന്നത്.കൂണിന്റെ രൂപത്തിലുള്ള മാജിക്ക് മഷ്‌റൂം ഉണക്കിയാണ് ഉപയോഗിക്കുന്നത്.നമ്മുടെ നാട്ടില്‍ അത്ര വ്യാപകമല്ലാത്തതിനാല്‍ പോലീസോ മറ്റോ പിടിക്കുമെന്ന ഭയവും ഉപയോഗിക്കുന്നവര്‍ക്കില്ല.കൊച്ചിയില്‍ പ്രധാനമായും മട്ടഞ്ചേരി,ഫോര്‍ട്ട് കൊച്ചി തുടങ്ങിയ മേഖലകളില്‍ ഇത് വ്യാപകമായി തുടങ്ങിയതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു.200 ഗ്രാമിന് 400 രൂപ വരെയാണ് ഇതിന്റെ വില. കൂണ്‍ പോലുള്ള ഈ ചെടി തണുപ്പ് പ്രദേശത്ത് മാത്രമേ വളരുകയുള്ളൂ.കൊടൈക്കനാലില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെ ഇത് കൃഷി ചെയ്യുന്നുണ്ടെന്നാണ് വിവരം.കഞ്ചാവ് പോലെ ചുരുട്ടി വലിക്കേണ്ട എന്നതാണ് ലഹരി തേടി പോകുന്നവര്‍ മഷ്‌റൂമില്‍ കാണുന്ന പ്രധാന ഗുണം.12 കഷ്ണം കൂണ്‍ ചവച്ചരച്ച് നാവിലിട്ട് അലിയിച്ച് ഇടക്കിയാല്‍ കഞ്ചാവിനേക്കാള്‍ വീര്യമാണ് ഇതിനെന്നാണ് പറയപ്പെടുന്നത്.കഞ്ചാവിനേയോ മദ്യത്തേയോ പോലെ മണവും കൂണിനില്ല.ഇത് തിരിച്ചറിയാന്‍ പോലീസിനോ മറ്റുള്ളവര്‍ക്കോ പെട്ടന്ന് സാധിക്കില്ലെന്നാണ് ഉപയോഗിക്കുന്നവര്‍ കരുതുന്നതത്രെ.എന്നാല്‍ കഞ്ചാവിനേക്കാള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഈ വിഷക്കൂണ്‍ ഉണ്ടാക്കുന്നതെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ പക്ഷം.മാസങ്ങള്‍ ഉപയോഗിച്ചാല്‍ തന്നെ മാനസികരോഗികളായി ഇത് നമ്മെ മാറ്റുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.കഞ്ചാവോ മറ്റ് ലഹരി വസ്തുക്കളോ തടയാനെന്ന പോലെ ഈ വിഷക്കൂണ്‍ വില്‍പനയോ ഉപയോഗമോ തടയാന്‍ പോലീസും നടപടി സ്വീകരിച്ചേ മതിയാകൂ.

Top