കേരളത്തില്‍ നിന്നും ബിജെപിക്ക് അഞ്ച് സീറ്റ്!! വ്യക്തമായ പദ്ധതിയോടെ മോദിയും അമിത് ഷായും

തിരുവനന്തപുരം: ലോക്‌സഭ ഇലക്ഷനില്‍ കേരളത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബിജെപി കഠിന ശരമം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മാസമായി കത്തിനില്‍ക്കുന്ന ശബരിമല സമരത്തിന്റെ ആവശേവും ചൂടും ആവോളം ഉപയോഗിക്കാന്‍ കേന്ദ്ര നേതാക്കളെ അണി നിര്‍ത്താനാണ് പാര്‍ട്ടി പദ്ധതി. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായും കളത്തിലിറങ്ങുന്നതോടെ പ്രചാരണത്തില്‍ കുതിച്ചുചാട്ടം നടത്താമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

കേന്ദ്രഭരണം നിലനിറുത്താനാഗ്രഹിക്കുന്ന ബി.ജെ.പിക്ക് കഴിഞ്ഞതവണ തൂത്തുവാരല്‍ നടത്തിയ സംസ്ഥാനങ്ങളില്‍ ഇത്തവണ സീറ്റ് കുറയുമെന്ന കണക്കുകൂട്ടലുണ്ട്. ഈ നഷ്ടം നികത്താന്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനം വന്ന സീറ്റുകളിലും കേരളം പോലുള്ള സംസ്ഥാനങ്ങളിലും നിന്ന് പരമാവധി സീറ്റുകള്‍ നേടണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഒറീസ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ബി.ജെ.പി കൂടുതല്‍ സീറ്റ് പ്രതീക്ഷിക്കുന്നത്.

കേരളത്തില്‍ ശക്തമായ ത്രികോണ മത്സരം കാഴ്ചവച്ച് കൂടുതല്‍ സീറ്റ് നേടാനാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍ , പാലക്കാട് മണ്ഡലങ്ങളിലാണ് ബി.ജെ.പി പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖരോടൊപ്പം ഒട്ടും പ്രതീക്ഷിക്കാത്ത ചില സ്ഥാനാര്‍ത്ഥികളെയും ബി.ജെ.പി രംഗത്തിറക്കിയേക്കും.

ശബരിമല വിഷയത്തില്‍ സമരം നടത്തിയതിലൂടെയുള്ള ഹൈന്ദവ ഏകീകരണത്തിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അതേസമയം, അണികള്‍ക്കും അനുഭാവികള്‍ക്കും സി.പി.എം വിരോധം മൂത്തതിനാല്‍ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് അതുപയോഗപ്പെടുത്തുമോ എന്ന ആശങ്കയും നേതൃത്വത്തിന് ഇല്ലാതില്ല.

അയ്യപ്പജ്യോതി പോലുള്ള പരിപാടികളിലെ പങ്കാളിത്തം ബി.ജെ.പി ക്ക് ആവേശം നല്‍കുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ അജന്‍ഡ നിശ്ചയിക്കുന്നത് തങ്ങളാണെന്നാണ് ബി.ജെ.പി ഇപ്പോള്‍ അവകാശപ്പെടുന്നത്. എന്നാല്‍ താഴേക്കിടയില്‍ പാര്‍ട്ടി സന്ദേശം എത്തിക്കാന്‍ ബൂത്ത് തലം വരെയുള്ള പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്ന വിലയിരുത്തലുമുണ്ട്. കേന്ദ്രഭരണ നേട്ടവും അതിന്റെ ഗുണഭോക്താക്കളുടെ വോട്ടും ആണ് തങ്ങളെ വിജയിപ്പിക്കുക എന്നാണ് ബി.ജെ.പിയുടെ വിശ്വാസം.

Top